മിഷന് എ ബി സിയില്‍ ജില്ലയില്‍ 8556 നായ്ക്കളെ വന്ധ്യംകരണം നടത്തി
കാസർകോട് : കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മിഷന് എ.ബി.സി പദ്ധതിയില്‍ ഇതുവരെ 8556 നായ്ക്കളെ വന്ധ്യകരണം നടത്തി വാക്സിനേഷനു ശേഷം ആവാസ സ്ഥലത്ത് തിരികെ വിട്ടു. കഴിഞ്ഞ നവംബറില്‍ മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, ബദിയഡുക്ക, ദേലംപാടി പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലുമായി 223 നായ്ക്കളെയാണ് വന്ധ്യംകരണം നടത്തിയത്. ഡിസംബറില്‍ കാസര്‍കോട് നഗരസഭ, മുളിയാര്‍, ബേഡഡുക്ക പഞ്ചായത്തുകളിലായി 252 നായ്ക്കളെയും വന്ധ്യംകരണം നടത്തി. നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും മിഷന് എ.ബി.സി ആരംഭിക്കാന്‍ പദ്ധതി അവലോകന യോഗത്തില്‍ തിരുമാനമായി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കാസര്‍കോട് മുനിസിപ്പല്‍ ചെയര്മാന് അഡ്വ. മുനീര്‍, വാര്‍ഡ് കൗണ്‍സിലര്‍ രമേശന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.നാഗരാജ പി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ശാന്തി, എ.ആര്.എഫ് പ്രതിനിധികള്‍ സംബന്ധിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ബി.ശിവനായിക്ക് സ്വാഗതവും സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. എ. മുരളീധരന് നന്ദിയും പറഞ്ഞു.