മന്ത്രിമാര്‍ ഉൾപ്പെടെ മൂന്നു തവണ മത്സരിച്ചവരെ ഒഴിവാക്കാന്‍ സിപി ഐ യിൽ ആലോചന, കാഞ്ഞങ്ങാട്ട് ചന്ദ്രശേഖരൻ മാറിനിന്നാൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ
തിരുവനന്തപുരം: സി പി എമ്മിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പരിഗണന നല്കാന് തയ്യാറെടുത്ത് സി പി ഐ. തദ്ദേശ തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിച്ച ഫോര്‍മുല നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് പാര്‍ട്ടി നീക്കം. ഇതുസംബന്ധിച്ചുളള അനൗദ്യോഗിക ചര്‍ച്ചകള്‍ സി പി ഐയില്‍ തുടങ്ങി.മൂന്ന് തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടവരെ മാറ്റി നിര്‍ത്തുമെന്നാണ് സി.പി.ഐ നേതാക്കള്‍ നല്കുന്ന സൂചന. സി പി ഐയുടെ നിയമസഭയിലെ പ്രമുഖ നേതാക്കളായ സി ദിവാകരന്, മുല്ലക്കര രത്നാകരന്, വി എസ് സുനില്‍കുമാര്‍, ബിജിമോള്‍, തിലോത്തമന്, കെ രാജു തുടങ്ങിയവരൊക്കെ മൂന്ന് ടേം പൂര്‍ത്തിയാക്കുന്നവരാണ്. ഇതോടെ ഭൂരിപക്ഷം സിറ്റിംഗ് സീറ്റുകളിലും പുതുമുഖങ്ങള്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.പുതിയ നയം നടപ്പായാല്‍ നിലവിലെ മന്ത്രിസഭയിലെ ഇ ചന്ദ്രശേഖരന് ഒഴിച്ച് ബാക്കി മൂന്ന് സി പി ഐ മന്ത്രിമാര്‍ക്കും മത്സരിക്കാനാകില്ല. തൃശൂരില്‍ സുനില്‍കുമാറിനെ മാറ്റി പരീക്ഷിച്ചാല്‍ വിജയിക്കുമോയെന്ന സംശയം പാര്‍ട്ടിക്കുണ്ട്. നെടുമങ്ങാട്ട് സി ദിവാകരനെ മാറ്റി പരീക്ഷിക്കുന്നതും തിരിച്ചടിയാകുമോയെന്നാണ് ഭയം. അതേസമയം, പൊതുനയം വന്നാല്‍ ഇവരുടെ കാര്യത്തിലും വേര്‍തിരിവുണ്ടാകില്ലെന്നാണ് സി പി ഐ വൃത്തങ്ങള്‍ പറയുന്നത്.ഇ ചന്ദ്രശേഖരന് അടക്കം രണ്ട് ടേം പൂര്‍ത്തിയാക്കുന്ന ഭൂരിപക്ഷം എം എല്‍ എമാരും ഇത്തവണ മത്സരിക്കുമോയെന്ന കാര്യത്തിലും ഉറപ്പ് പറയാന്‍ സി പി ഐ തയ്യാറായിട്ടില്ല. ശുഭേഷ് സുധാകര്‍, ജിസ്മോന്, സജിലാല്‍, മഹേഷ് കക്കത്ത് തുടങ്ങി വലിയൊരു പുതുനിര പാര്‍ട്ടിയെ നയിക്കാന്‍ സജ്ജമായി നില്‍ക്കുകയാണ്.പി.വസന്തം, ദേവിക തുടങ്ങിയ വനിതാനേതാക്കളുടെ പേരുകളും പ്രാരംഭ ചര്‍ച്ചകളില്‍ സജീവമായി ഉയര്‍ന്നിട്ടുണ്ട്. പി. പ്രസാദ്, ചിഞ്ചുറാണി അടക്കമുളള നേതാക്കള്‍ക്കും സീറ്റ് നല്കുന്ന കാര്യം പാര്‍ട്ടിയുടെ പരിഗണനയിലുണ്ട്. ജില്ലാ കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ തേടിയ ശേഷം ജനുവരി അവസാനത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കാനാണ് സി പി ഐ നേതൃത്വത്തിന്റെ തീരുമാനം.
അതേസമയം കാഞ്ഞെങ്ങാട്ട് മന്ത്രി ഇ ചന്ദ്രശേഖരൻ മൂന്നാം വട്ടവും രംഗത്ത് ഉണ്ടാകുമെന്ന തരത്തിൽ ചർച്ച നടക്കുന്നുണ്ട്. ഇവിടെ മന്ത്രി കളം വിട്ടാൽ പാർട്ടി ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ സ്ഥാനാർഥിയാകും. ഇക്കാര്യത്തിൽ സിപി ഐ യിൽ രണ്ട് പക്ഷമില്ല.