ലീഗിനെതിരേ ആഞ്ഞടിച്ച സത്യദീപം ഓഫീസിലെത്തി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രം തുടങ്ങി
കൊച്ചി: മുസ്ലിം ലീഗിനെതിരേ മുഖപ്രസംഗമെഴുതിയ കത്തോലിക്ക സഭാ പ്രസിദ്ധീകരണമായ “സത്യദീപ”ത്തിന്റെ ഓഫീസിലെത്തി ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുെട നയതന്ത്രനീക്കം. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സമുദായങ്ങളെ യു.ഡി.എഫിനൊപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. മികച്ച വിജയം നേടിയതില്‍ യു.ഡി.എഫിലെ ഘടകകക്ഷികളെ കുറ്റപ്പെടുത്തി കത്തോലിക്ക സഭാ പ്രസിദ്ധീകരണമായ സത്യദീപം കഴിഞ്ഞദിവസം മുഖപ്രസംഗം എഴുതിയിരുന്നു. കോണ്‍ഗ്രസ് പൂര്‍ണമായും ലീഗിനു കീഴടങ്ങിയെന്ന ഇടതു പ്രചാരണം തെരഞ്ഞെടുപ്പില്‍ ഫലം കണ്ടുവെന്നായിരുന്നു മുഖപ്രസംഗത്തിലെ പ്രധാന ആരോപണം.
സംസ്ഥാന രാഷ്ട്രീയത്തിലേക്കു പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടുമാറുമ്പോള്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ്ഗ്രഹണം ഏറെക്കുറെ പൂര്‍ണമാകുമെന്ന കടുത്ത വിമര്‍ശനവും സത്യദീപം ഉയര്‍ത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ ധാരണകള്‍ മാറ്റുകയെന്ന ലക്ഷ്യത്തോടെ പി.കെ. കുഞ്ഞാലിക്കുട്ടി സത്യദീപം ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കനെ കണ്ടത്.