കേന്ദ്ര കാര്‍ഷിക നിയമം നാട് മുടിക്കു മെന്ന് ഗവര്‍ണര്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് വിമര്‍ശനം, നയപ്രഖ്യാപനം തുടങ്ങി, പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. ബജറ്റ് അവതരിപ്പിക്കാന്‍ ചേരുന്ന സമ്മേളനം ഈ സര്‍ക്കാരിന്റെ കാലത്തെ അവസാനത്തേതാണ്. നയപ്രഖ്യാപനത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു.
സഭ ആരംഭിച്ചത് മുതല്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് പ്രതിഷേധം. ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവര്‍ണര്‍ നീരസം പ്രകടിപ്പിച്ചു. കടമ നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി. സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം, പ്രതിപക്ഷത്തിന് പിന്നാലെ പി.സിജോര്‍ജും സഭയില്‍ നിന്നിറങ്ങിപ്പോയി. ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ സഭയില്‍ തുടര്‍ന്നു.
നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഗവര്‍ണര്‍ എണ്ണി പറഞ്ഞു.
ഗവര്‍ണറുടെ പ്രസംഗത്തില്‍ നിന്ന്….
പ്രകടനപത്രിക നടപ്പാക്കിയ സര്‍ക്കാരാണിത്.
നൂറുദിന പരിപാടിയുടെ ഭാഗമായി അമ്പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു
കോവിഡ് മഹാമാരിയെ ആര്‍ജവത്തോടെ നേരിട്ടു, ആരും പട്ടിണി കിടക്കാതിരിക്കാന്‍ ജാഗ്രത കാട്ടി
കോവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം
കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി
തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിശ്വാസം ആര്‍ജിക്കാനായി
കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ചുവാങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞു
പൗരത്വ നിയമഭേദഗതി പാസാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി
ഫെഡറിലിസത്തിനായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു, രാജ്യത്തിന്റെ ഫെഡല്‍ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുനിന്നു
കേന്ദ്ര ഏജന്‍സികള്‍ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചു
വികസനം അട്ടിമറിക്കുന്ന സമീപനം സ്വീകരിച്ചു
ക്ഷേമ പെന്‍ഷനുകള്‍ 600 രൂപയില്‍ നിന്ന് 1500 രൂപയാക്കി ഉയര്‍ത്തി
പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോകുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു
പ്രവാസി പുനരധിവസത്തിന് പ്രാമുഖ്യം നല്‍കും
പരമാവധി തൊഴില്‍ ഉറപ്പാക്കുമെന്ന് വാഗ്ദ്ധാനം
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധസേവകരുടെ പ്രവര്‍ത്തനം നല്ലരീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു
പോസ്റ്റ് കോവിഡ് രോഗികളേയും കൃത്യമായി പരിചരിക്കാനുള്ള സംവിധാനം ഒരുക്കി
കോവിഡ് കാലത്ത് 300 കോടി രൂപയുടെ സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞു
കാര്‍ഷിക നിയമസത്തിന് എതിരായ ഭാഗം വായിച്ച് ഗവര്‍ണര്‍: കാര്‍ഷിക നിയമം ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമാകുന്ന നിയമമാണ്
കാര്‍ഷിക നിയമം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും
കാര്‍ഷിക സമരം മഹത്തായ ചെറുത്തുനില്‍പ്പാണ്
കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും, കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാക്കും, പൂഴ്ത്തിവെപ്പിന് കളമൊരുക്കുന്നതാണ് നിയമം.
കാര്‍ഷിക സ്വയം പര്യാപ്തതയ്ക്ക് കേരളം ശ്രമിക്കും
വാണിജ്യ കരാറുകള്‍ക്കും വിമര്‍ശനം: വാണിജ്യ കരാറുകള്‍ റബ്ബര്‍ കര്‍ഷകരെ തകര്‍ക്കും
കാര്‍ഷിക-വാണിജ്യ കരാറുകളെ അപലപിക്കുന്നു
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കി
സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്കിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു