ദേശീയപാതാ വികസനം: നീലേശ്വരം മാർക്കറ്റിൽ നൂറോളം കടകൾ ഒഴിയേണ്ടി വരും; വ്യാപാരികൾ ആശങ്കയിൽ
നീലേശ്വരം : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കടകൾ നഷ്ടപ്പെടുന്ന വ്യാപാരികൾ ആശങ്കയിൽ. നീലേശ്വരം മാർക്കറ്റിൽ മാത്രം നൂറോളം കടയുടമകൾക്കാണ് ഒഴിഞ്ഞു പോകേണ്ടി വരിക. എന്നാൽ അർഹമായ നഷ്ടപരിഹാരം പോലും ലഭ്യമാകാതെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് വ്യാപാരികൾ.
മാർക്കറ്റിലെ കോട്ടപ്പുറം റോഡ് മുതൽ കരുവാച്ചേരി വരെ മാത്രം നൂറോളം കടകൾ ഒഴിയേണ്ടി വരും. ഇവിടെ നിലവിൽ എട്ടോളം കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയിട്ടുണ്ട്. കടയുടമകൾക്ക് നഷ്ടപരിഹാരം ലഭ്യമായെങ്കിലും ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടില്ല. കാൽനൂറ്റാണ്ടിലധികമായി കച്ചവടം നടത്തിവന്നവരാണ് ഭൂരിഭാഗം വ്യാപാരികളും. എന്നാൽ ഒഴിഞ്ഞു പോകേണ്ട ഇവർക്ക് അർഹമായ നഷ്ടപരിഹാരം കെട്ടിട ഉടമകൾ നൽകുന്നില്ലെന്ന ആക്ഷേപമുയരുന്നുണ്ട്.
പല വ്യാപാരികളും ഇപ്പോഴും ഒഴിഞ്ഞു കൊടുക്കാൻ തയാറായിട്ടില്ല. കടയൊഴിഞ്ഞാൽ പലർക്കും ഈ മേഖലയിൽ തന്നെ തുടരാൻ സാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന നടപടികളും ഒരുവശത്തു നടന്നു വരികയാണ്.