മുനിസിപ്പൽ കമ്മറ്റി രാജിക്കത്ത് എഴുതി വാങ്ങിച്ച കൗൺസിലർമാർക്ക് സ്വീകരണം നൽകി മണ്ഡലം കമ്മറ്റി;കാഞ്ഞങ്ങാട് പുതിയ വിവാദം
കാഞ്ഞങ്ങാട്: നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വോട്ട് മറിക്കുകയും വോട്ട് അസാധുവാക്കുകയും, ചെയ്ത മുസ്്ലീം ലീഗ് കൗൺസിലർമാരെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.
കഴിഞ്ഞ ദിവസം പ്രസിഡന്റ് എംപി. ജാഫറിന്റെ അധ്യക്ഷതയിൽ ചേർന്ന മുസ്്ലീം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം യോഗത്തിലാണ് ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട ലീഗ് പ്രതിനിധികളെ നാടകീയമായി പാർട്ടി ആദരിച്ചത്.
നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ വോട്ട് മറിച്ച കൗൺസിലർമാരായ ഹസീന റസാക്ക്, അസ്മ മാങ്കൂൽ, വോട്ട് അസാധുവാക്കിയ സി. എച്ച്. സുബൈദ എന്നിവരോട് നേരത്തെ ലീഗ് മുൻസിപ്പൽ കമ്മിറ്റി രാജി എഴുതി വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സമിതി ഉചിതമായ തീരുമാനമെടുക്കുമെന്നറിയിച്ച സാഹചര്യത്തിലാണ് രാജി നൽകിയവരെ ആദരിച്ച സംഭവം നടന്നത്. രാജിക്കത്ത് വാങ്ങിയത് രാഷ്ട്രീയ നാടകമാണെന്ന വിലയിരുത്തൽ ഇതോടെ ബലപ്പെടുകയും അണികളിൽ അസ്വാരസ്യം ഉടലെടുക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മായം 28– ന് നടന്ന ചെയർപേഴ്സൺ സ്ഥാനാർത്ഥി കെ. വി. സുജാതക്ക് രണ്ട് ലീഗ് കൗൺസിലർമാർ വോട്ട് രേഖപ്പെടുകത്തുകയും, ഒരാൾ വോട്ട് അസാധുവാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ബന്ധപ്പെട്ട വാർഡുകളിലെ വോട്ടർമാരിൽ നിന്നും ലീഗണികളിൽ നിന്നും വ്യാപക പ്രതിഷേധമുയർന്നപ്പോഴാണ് മൂന്ന് കൗൺസിലർമാരുടെയും കൗൺസിലർ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് നഗരസഭ ലീഗ് നേതൃത്വം എഴുതി വാങ്ങിയത്. ഇതൊരു രാഷ്ട്രീയ നാടകമാണെന്ന ലീഗ് പ്രവർത്തകരുടെ ആരോപണം രാജിവെച്ചവരെ ആദരിച്ചതോടെ ശരിവെച്ചിരിക്കുകയാണ്.