കോഴിക്കോട് രണ്ട് സീറ്റ് അധികം വേണമെന്ന് മുസ്ലിം ലീഗ് ,കാസർകോട് ഒരു സീറ്റും കൂടുതൽ ആവശ്യപ്പെടും ജമാ അത്തുമായി ബന്ധം തുടരും
കോഴിക്കോട് :വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയില്‍ പുതുതായി രണ്ട് സീറ്റുകള്‍കൂടി വേണമെന്ന് മുസ്ലിം ലീഗ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം. വടകര, പേരാമ്പ്ര, ബേപ്പൂര്‍ ഇതില്‍ രണ്ട് സീറ്റുകളാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇക്കാര്യം യു ഡി എഫില്‍ ആവശ്യപ്പെടാന്‍ സംസ്ഥാന സെക്രട്ടറി കെ പി എ മജീദിനോട് ജില്ലാ ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ യു ഡി എഫിനൊപ്പമുണ്ടയിരുന്ന ലോക് താന്ത്രിക് ജനതാദള്‍ മത്സരിച്ച സീറ്റാണ് വടകര. ഒപ്പം കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റാണ് പേരാമ്പ്ര. ഈ രണ്ട് പാര്‍ട്ടികളും എല്‍ ഡി എഫിലേക്ക് പോയതിനാലാണ് ലീഗ് സീറ്റ് ലക്ഷ്യമിട്ട് അവകാശം ഉന്നയിച്ചിരിക്കുന്നത്. ഒപ്പം കഴിഞ്ഞ തവണ കോണ്‍ഗ്രസ് മത്സരിച്ച ബേപ്പൂരും ഇതിനൊപ്പം ചേര്‍ന്ന് മുന്നണി യോഗത്തില്‍ ആവശ്യപ്പെടും. ഇതില്‍ രണ്ട് സീറ്റ് വേണമെന്നതില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ലീഗ് നേതൃത്വം പറയുന്നു.
കഴിഞ്ഞ തവണ മത്സരിച്ച ബാലുശ്ശേരിക്ക് പകരം മുന്‍കാലങ്ങളില്‍ മത്സരിച്ചിരുന്ന കുന്ദമംഗലം സീറ്റും ലീഗ് ആവശ്യപ്പെടും. കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖിനെ വലിയ മാര്‍ജിനില്‍ ഇടത് സ്വതന്ത്രനായ പി ടി എ റഹീം തോല്‍പ്പിച്ച സീറ്റാണ് കുന്ദമംഗലം. ഈ സീറ്റ് ഏറ്റെടുത്ത് യൂത്ത്ലീഗ് നേതാവ് പി കെ ഫിറോസിനെ ഇവിടെ മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍ നേരത്തെ കുന്ദമംഗലത്ത് നിന്ന് ജയിച്ച ദളിത് ലീഗ് നേതാവ് യു സി രാമനും സീറ്റ് ലക്ഷ്യമിടുന്നുണ്ട്. ദളിത് ലീഗിന് ഇത്തവണ അര്‍ഹമായ പരിഗണന നല്‍കണമെന്ന് യു സി രാമന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബാലുശ്ശേരിയെ പോലെ ഒരു വിജയ സാധ്യതയും ഇല്ലാത്ത സീറ്റുകൊണ്ട് കാര്യമില്ലെന്നും ദളിത് ലീഗ് നേതാക്കള്‍ പറയുന്നു.
വടകരയിലും പേരാമ്പ്രയിലും ബേപ്പൂരിലുമെല്ലാം കോണ്‍ഗ്രസിനേക്കാള്‍ വലിയ പാര്‍ട്ടി തങ്ങളാണെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര് എം പി യു ഡി എഫുമായി പരസ്യ സഖ്യത്തിലാണ് മത്സരിച്ചത്.
പുതിയ സാഹചര്യത്തില്‍ ആര് എം പി നിയമസാ തിരഞ്ഞെടുപ്പിലും യു ഡി എഫിനൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ വടകര ആര് എം പിക്ക് വിട്ടുനല്‍കിയേക്കും. കെ കെ രമയോ, എന്‍ വേണുവോ ഇവിടെ യു ഡി ഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇങ്ങനെ വന്നാല്‍ പേരാമ്പ്രയും ബേപ്പൂരിനുമായി ലീഗ് പിടിമുറുക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് ലീഗ് കണക്ക് കൂട്ടുന്നത്. ഇക്കാര്യം ജമാഅത്ത് നേതാക്കളും ലീഗ് നേതൃത്വവും പരസ്യമായി പറയില്ല. എന്നാല്‍ രഹസ്യമായി എല്ലാം ഉറപ്പിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്കുന്നു. പാര്‍ട്ടി സ്ഥിരമായി മത്സരിക്കുന്ന തിരുവമ്പാടി അടക്കമുള്ള മണ്ഡലങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ഗുണം ചെയ്യുമെന്ന് ലീഗ് കണക്ക് കൂട്ടുന്നു. എന്നാല്‍ തിരുവമ്പാടി സീറ്റിനായി കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിട്ടുനല്‍കേണ്ടെന്നാണ് ലീഗ് തീരുമാനം.
അതേസമയം കാസർകോട് ജില്ലയിൽ മൂന്നാമതൊരു സീറ്റുകൂടി ലീഗ് ആവശ്യപ്പെടുമെന്ന് സൂചനയുണ്ട്. തൃക്കരിപ്പൂർ മണ്ഡലമാണ് ലീഗ് കണ്ണുവെച്ചിരിക്കുന്നത്. സിപിഎം ആധി പത്യമുള്ള ഇവിടെ കോൺഗ്രസ്സ് തുടർച്ചയായി ദയനീയ പരാജയം ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിലാണ് തൃക്കരിപ്പൂർ സ്വന്തമാക്കാൻ ലീഗ് കരുക്കൾ നീക്കുന്നത്. നിലവിൽ ജില്ലയിൽ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളാണ് ലീഗ് പതിറ്റാണ്ടുകളായി കുത്തകയാക്കി വെച്ചിരിക്കുന്നത് .