മുഖ്യമന്ത്രി കസേരയിലേക്ക് കെ സി വേണുഗോപാല്‍ പറന്നിറങ്ങുമോ?ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും അങ്കലാപ്പിലാഴ്ത്തി കെ പി സി സി ഫേസ്ബുക്ക് കവര്‍ ചിത്രം
വാർത്തയുമായി കേരള കൗമുദി
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സുപ്രധാന സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍ എത്തിയെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കവര്‍ ചിത്രം. ഇന്നലെ രാത്രിയോടെ അപ്ലോഡ് ചെയ്ത കവര്‍ ഫോട്ടോയിലാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായങ്ങള്‍ ശരിവച്ച് കെ സി വേണുഗോപാലും ഇടം നേടിയത്. സംഘടന ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണെങ്കിലും കെ സി വേണുഗോപാലിന് കേരളത്തിലെ സംഘടന അധികാര ബലാബലത്തില്‍ വലിയ റോളില്ലായിരുന്നു.കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ കെ ആന്റണി എന്നിവരോടൊപ്പമാണ് കെ സി വേണുഗോപാലിന്റെ ചിത്രം. കേരളത്തിലെ കോണ്‍ഗ്രസിനകത്ത് ഇപ്പോള്‍ കെ സി വേണുഗോപാല്‍ നേടിയിരിക്കുന്ന നിര്‍ണായക പങ്ക് വ്യക്തമാക്കുന്നതാണ് കവര്‍ചിത്രം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഐ ഗ്രൂപ്പിന്റെ ഭാഗമായി നിന്ന പല നേതാക്കളും ഇപ്പോള്‍ കെ സി വേണുഗോപാലിനോടൊപ്പമാണ്.സംഘടന ചുമതലയുളള എ ഐ സി സി ജനറല്‍ സെക്രട്ടറിയായതിന് ശേഷമാണ് കെ സി വേണുഗോപാലിനെ പിന്തുണക്കുന്ന നേതാക്കളുടെ എണ്ണം കോണ്‍ഗ്രസിനകത്ത് ശക്തമായത്. ഇതില്‍ ഡി സി സി അദ്ധ്യക്ഷന്മാര് വരെയുണ്ട്. ആലപ്പുഴയില്‍ എം പി ആയിരുന്നപ്പോള്‍ തീരദേശ ജില്ലയില്‍ മാത്രമുണ്ടായിരുന്ന കെ സി ഗ്രൂപ്പാണ് ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ രൂപപ്പെട്ടിരിക്കുന്നത്.
Posted by Indian National Congress – KeralaonTuesday, January 5, 2021
സമവാക്യങ്ങള്‍ മാറിയതോടെ പിന്നിലേക്ക് പോയ പല നേതാക്കളും കെ സി വേണുഗോപാലിലാണ് തങ്ങളുടെ രക്ഷകനെ കാണുന്നത്. ഹൈക്കമാന്‍ഡില്‍ വേണുഗോപാലിനുളള ശക്തമായ സ്വാധീനം കേരളത്തില്‍ പുതിയ നേതാവിനെ സമ്മാനിക്കുമെന്നാണ് അവരുടെ വിശ്വാസം.എ കെ ആന്റണിക്ക് ഒരു കാലത്ത് ഹൈക്കമാന്‍ഡിലുണ്ടായിരുന്ന സ്വാധീനം തന്നെയാണ് ഇപ്പോള്‍ കെ സി വേണുഗോപാലിനുളളത്. പെട്ടെന്നൊരു ദിവസം ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങി കരുണാകരനില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. അന്ന് എ കെ ആന്റണി കേരളത്തിലെ ആദ്യ പേരുകാരനായിരുന്നില്ല. എന്നിട്ടും ആന്റണിക്ക് അതിന് സാധിച്ചത് ഹൈക്കമാന്ഡിലുളള സ്വാധീനം തന്നെയായിരുന്നു. അതുപോലൊരു ദിവസം മുഖ്യമന്ത്രി കസേരയിലേക്ക് കെ സി വേണുഗോപാല്‍ പറന്നിറങ്ങുന്ന ദിവസം അത്ര വിദൂരത്തിലല്ല എന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ അടക്കം പറച്ചില്.രാജസ്ഥാനില്‍ നിന്നുളള രാജ്യസഭാംഗമായ കെ സി വേണുഗോപാല്‍ കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, കെ മുരളീധരനും സുധാകരനും അടക്കമുളള നേതാക്കളുടെ ചിത്രങ്ങള്‍ കവര്‍ഫോട്ടോയില്‍ ഇടം നേടാത്തതില് അവരുടെ അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. കവര്‍ ഫോട്ടോയില്‍ നിന്ന് കെ സി വേണുഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടും ധാരാളം പേര് കമന്റ് ചെയ്യുന്നുണ്ട്.