സമസ്തയും ലീഗും ഒറ്റക്കെട്ട്; ജിഫ്രി തങ്ങള്‍, പ്രതികരിക്കാതെ ആലിക്കുട്ടി മുസ്ലിയാര്
മലപ്പുറം: ലീഗും സമസ്തയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫി മുത്തുക്കോയ തങ്ങള്‍. പാണക്കാട്ട് ലീഗ് നേതൃത്വവുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലീഗും സമസ്തയുമായിട്ടുള്ള അഭിപ്രായഭിന്നത മാധ്യമസൃഷ്ടിയാണ്.
ഞങ്ങള്‍ തമ്മില്‍ ഒരു അകലവുമില്ല. ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. അകലമുണ്ടെങ്കില്‍ ഇവിടെ വരില്ലല്ലോ. മിക്ക ദിവസവും ഞങ്ങള്‍ ഫോണ്‍ വിളിക്കാറുണ്ടെന്നായിരുന്നുവെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ കോഴിക്കോട് വെച്ച് ഉമ്മര്‍ ഫൈസി മുക്കം പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഒരു വിവാദവും ഇല്ലെന്നും ആലിക്കുട്ടി മുസ്ലിയാരെ ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം ദേഹാസ്വസ്ഥ്യം മൂലമാണ് മടങ്ങിയതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അതേസമയം മാധ്യമങ്ങളോട് ആലിക്കുട്ടി മുസ്ലിയാര് പ്രതികരിച്ചില്ല. നേരത്തെ ലീഗ് – സമസ്ത പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് പാണക്കാട്ടും പട്ടിക്കാട്ടെ മതപഠനകേന്ദ്രമായ ജാമിഅ നൂരിയയിലും വിലക്ക് ഏര്‍പ്പെടുത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നേരത്തെ മുഖ്യമന്ത്രിയുടെ കേരളപര്യടനത്തിനിടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിന്ന് ആലിക്കുട്ടി മുസ്ലിയാര് പിന്‍വാങ്ങിയിരുന്നു.
ലീഗ് വിലക്കിനെ തുടര്‍ന്നാണ് ഇതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കോഴിക്കോട് വെച്ച് ഉമ്മര്‍ ഫൈസി മുക്കം പങ്കെടുക്കുകയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം മലപ്പുറത്ത് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആലിക്കുട്ടി മുസ്ലിയാര് എത്തുകയും വഴിയില്‍ വെച്ച് ലീഗ് നേതാക്കള്‍ അദ്ദേഹത്തെ തടയുകയും ചെയ്തിരുന്നു.