ജോസ്.കെ മാണി ഡല്‍ഹിയില്‍: എം.പി സ്ഥാനം ഇന്ന് രാജിവച്ചേക്കും
കോട്ടയം: രാജ്യസഭാ എം.പി.സ്ഥാനം ജോസ് കെ.മാണി ഇന്ന് തന്നെ രാജിവെച്ചേക്കും. കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചനകള്‍. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ ജോസ് കെ.മാണി ഇന്നുതന്നെ രാജിക്കത്ത് കൈമാറിയേക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് രാജി തീരുമാനം ജോസ് കെ.മാണി വൈകിപ്പിച്ചത്. നേരത്തേ ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത പാര്‍ട്ടി ഭാരവാഹികളുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു.
കേരളകോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് തിരികെ ലഭിക്കും. ഈ സീറ്റില്‍ ആര് മത്സരിക്കണമെന്ന് പാര്‍ട്ടി പിന്നീട് തീരുമാനിക്കും. മുതിര്‍ന്ന നേതാക്കളായ പി.കെ.സജീവ്, സ്റ്റീഫന്‍ ജോര്‍ജ്, പി.ടി.ജോസ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍ഗണന.
ഗുജറാത്തില്‍ ഒഴിവു വന്ന രാജ്യസഭാ സീറ്റുകളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോള്‍ നേടിയ എം.പി.സ്ഥാനം ജോസ് കെ.മാണി രാജിവെക്കാത്തതിനെ ചൊല്ലി വലിയ വിമര്‍ശനം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.