പാണത്തൂര്‍ ബസ് അപകട കാരണം ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് ഉറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്
കാസർകോട് :ഏഴു പേരുടെ മരണത്തിനിടയാക്കിയ പാണത്തൂര്‍ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ഉറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പും. അപകടത്തിനിടയാക്കിയ ബസ് പരിശോധിച്ച ശേഷമാണ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസറടങ്ങിയ സംഘം ഇക്കാര്യം സ്ഥിരീകരിച്ചത്.
കര്‍ണാടകത്തില്‍ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച ബസ് പനത്തടി പഞ്ചായത്തിലെ പരിയാരത്ത് വച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട ബസ് റോഡരികിലെ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലും, മരങ്ങളിലും ഇടിച്ച ശേഷം തലകീഴായി താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം ബസ് വിശദമായി പരിശോധിച്ചതില്‍ നിന്നാണ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ഉറപ്പിച്ചത്.
ബസിന് യന്ത്ര തകരാറുകളൊന്നും ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ ബോധ്യപ്പെട്ടു. ബസില്‍ അനുവദനീയമായതിലും കൂടുതല്‍ ആള്ക്കാരുണ്ടായിരുന്നതായാണ് വിലയിരുത്തല്‍. അന്തര്‍ സംസ്ഥാന സര്‍വീസിന് അനുമതി ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തലിനൊപ്പം പെലീസും, ആരോഗ്യ വകുപ്പ് അധികൃതരും കൂടി നല്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാകും സംഭവം സംബന്ധിച്ച് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിക്കുക.