മുട്ടുവിറച്ച് റിലയന്‍സ്; കരാര്‍ കൃഷിക്കില്ല, രാജ്യത്തൊരിടത്തും കൃഷിഭൂമി വാങ്ങില്ല
മുംബൈ : കരാര്‍ കൃഷിയിലേക്കില്ലെന്നും കോര്‍പറേറ്റ് ഫാമിംഗിനായി കൃഷിഭൂമി വാങ്ങില്ലെന്നുമുള്ള ഉറപ്പുമായി റിലയൻസ്. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങളുടെ പ്രധാന ഗുണഭോക്താക്കള്‍ അംബാനിയും അദാനിയുമാണ് എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കി റിലയന്‍സ് രംഗത്തെത്തിയിരിക്കുന്നത്. കര്‍ഷകരില്‍നിന്ന് നേരിട്ട് ഭക്ഷ്യോല്പന്നങ്ങള് വാങ്ങില്ലെന്നും തങ്ങളുടെ വിതരണക്കാര്‍ താങ്ങുവില (എം എസ് പി) പ്രകാരം മാത്രമേ കര്‍ഷകരില്‍നിന്ന് ഉല്പന്നങ്ങള് വാങ്ങൂ എന്നും റിലയന്‍സ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. കര്‍ഷകര്‍ നടത്തി വരുന്ന സമരം നാല്പത് ദിവസം പിന്നിടുമ്പോഴാണ് റിലയന്‍സിന്റെ വിശദീകരണം.
കര്‍ഷകരില്‍നിന്ന് ഉല്പന്നങ്ങള് വാങ്ങുന്നതിന് ഒരുതരത്തിലുള്ള ദീര്‍ഘകാല കരാര്‍ ഉണ്ടാക്കില്ലെന്നും കഠിനാധ്വാനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെ ഫലമായി ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്ക്ക് ന്യായവും ലാഭകരവുമായ വില ലഭിക്കണമെന്ന കര്‍ഷകരുടെ ആഗ്രഹത്തിനെ റിലയന്‍സ് പിന്തുണക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. ഗവണ്മെന്റ് നിശ്ചയിക്കുന്ന മിനിമം താങ്ങുവില സംവിധാനത്തിലൂടെയോ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായി വില ലഭിക്കുന്ന മറ്റേതെങ്കിലും സംവിധാനത്തിലൂടെയോ മാത്രമേ ഉത്പന്നങ്ങള്‍ വാങ്ങാവൂ എന്ന് തങ്ങളുടെ വിതരണക്കാരെ നിര്‍ബന്ധിക്കുമെന്നും മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു.
പഞ്ചാബിലും ഹരിയാനയിലും ജിയോ ടവറുകള്‍ക്ക് നേരെ ആക്രമണം നടത്തിയതില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും റിലയന്‍സ് അറിയിച്ചു. പുതിയ കാര്‍ഷിക നിയമങ്ങള്‍ കോര്‍പ്പറേറ്റ് ചൂഷണത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി റിലയന്‍സിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ റിലയന്‍സ് ജിയോ സേവനങ്ങള്‍ ബഹിഷ്കരിച്ചിരുന്നു. രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങള്‍ക്കിടെ കേന്ദ്ര സര്‍ക്കാരും കര്‍ഷകരും ഏഴാം വട്ട ചര്‍ച്ച നടത്തുന്നതിനു മുമ്പാണ് റിലയന്‍സ് വിശദീകരണവുമായി എത്തിയത്. അതേ സമയം നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. ജനുവരി ആറിനും 23നും റിപ്പബ്ലിക്ക് ദിനത്തിലും കര്‍ഷകര്‍ ട്രാക്ടര്‍ പരേഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.