പക്ഷിപ്പനി: ജില്ലയിലും ജാഗ്രതപാലിക്കണം : ഡോ. എ. വി. രാംദാസ്
കാസർകോട് : കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. വി. രാംദാസ് അറിയിച്ചു. ജില്ലയില്‍ എവിടെയെങ്കിലും കോഴികള്‍, പക്ഷികള്‍, താറാവുകള്‍ എന്നിവ അസാധാരണമായി ചത്തത് ശ്രദ്ധയില്‍പെട്ടാല്‍ ആ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ഡി എം ഒ പറഞ്ഞു.
പക്ഷിപ്പനിയെ അറിയാം
പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്ളുവെന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകാനിടയാകും. പക്ഷികളില്‍ സാധാരണ കണ്ടുവരുന്ന പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്.
പക്ഷികളുടെ വിസര്‍ജ്യത്തിലൂടെയും ശരീരദ്രവങ്ങള്‍ വഴി വായുവിലൂടെയുമാണ് രോഗം പകരുന്നത്. സാധാരണ പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞ നിറത്തിലുള്ള കഫം, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും പനി കൂടി ന്യൂമോണിയ ആകാനും രോഗം മൂര്‍ച്ഛിച്ചു മരണംവരെ സംഭവിക്കാനും സാധ്യതയുണ്ട്.
പ്രതിരോധമാര്‍ഗങ്ങള്‍
· താറാവ്-കോഴി കര്‍ഷകരും പക്ഷിവളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും വ്യക്തിശുചിത്വം പാലിക്കണം.
· ദേഹത്ത് മുറിവുള്ളപ്പോള്‍ പക്ഷി മൃഗാദികളുമായി ഇടപഴകരുത്.
· പനിയോ തൊണ്ടവേദനയോ വന്നാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകണം.
· രോഗബാധിതരായ പക്ഷികളുമായി ഇടപഴകുന്നത് ഒഴിവാക്കണം
· മുട്ട, മാംസം എന്നിവ നന്നായി പാകം ചെയ്തു കഴിക്കണം.
· രോഗമുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം.