കോൺഗ്രസ്സിനെ മൂലക്കിരുത്തും, 35 സീറ്റിനായി മുസ്ലിംലീഗ് ; എല്ലാ ജില്ലയിലും വേണം ; ആവശ്യം ന്യായീകരിച്ച് പാണക്കാട് മുനവറലി തങ്ങൾ
മലപ്പുറം :നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കാൻ മുസ്ലിംലീഗ് നീക്കം. 35 സീറ്റിനായി വാദിച്ച്, 30 സീറ്റെങ്കിലും ഉറപ്പിക്കുകയാണ് ലക്ഷ്യം. മധ്യകേരളത്തിൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ശക്തികേന്ദ്രങ്ങളിലെ സീറ്റിലും കണ്ണുണ്ട്. ഇതിനായി ലീഗ് അണിയറ നീക്കം സജീവമാക്കി. കൂടുതൽ സീറ്റെന്ന ആവശ്യം അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി പരസ്യപ്പെടുത്തി. തൊട്ടുപിന്നാലെ യൂത്ത്ലീഗും ഇതേ വാദമുയർത്തി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിടിച്ചുനിന്നത് ലീഗ് കേന്ദ്രങ്ങളിലാണെന്നാണ് നേതാക്കളുടെ വാദം. കോൺഗ്രസ് ദുർബലമായെന്ന് ആവർത്തിച്ച് തങ്ങൾക്ക് അധികസീറ്റിന് അർഹതയുണ്ടെന്ന് സ്ഥാപിക്കാനാണ് ശ്രമം. കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ വൻ തോൽവിയിൽനിന്ന് രക്ഷിച്ചത് ലീഗാണെന്ന് കോൺഗ്രസ് നേതാക്കളും സമ്മതിക്കുന്നുണ്ട്. 35 സീറ്റ് ചോദിച്ച് 30ലേക്ക് വിട്ടുവീഴ്ച എന്നതാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ തവണ 24 സീറ്റിൽ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 24 മണ്ഡലങ്ങളിലാണ് ലീഗ് മത്സരിച്ചത്. പതിനെട്ടിടത്ത് ജയിച്ചു. ഇപ്പോൾ എൽജെഡിയും കേരളാ കോൺഗ്രസും മുന്നണി വിട്ടതിനാൽ 22 സീറ്റുകൾ അധികമായുണ്ട്. കഴിഞ്ഞ തവണ എറണാകുളത്തിന് തെക്ക് ഒരു സീറ്റ് മാത്രമാണ് (പുനലൂർ) കിട്ടിയത്. ഇക്കുറി തിരുവനന്തപുരമടക്കം എല്ലാ ജില്ലകളിലും സീറ്റ് മോഹിക്കുന്നു. ഇതിൽ വർക്കല, കരുനാഗപ്പള്ളി, പൂഞ്ഞാർ, അമ്പലപ്പുഴ എന്നിവ കണ്ടുവച്ചുകഴിഞ്ഞു. തീവ്ര –-മതരാഷ്ട്രവാദശക്തികളായ എസ്ഡിപിഐ–-ജമാഅത്തെ ബന്ധം നിലനിർത്താനാണ് ഈ സീറ്റുകൾ.
കണ്ണൂരിൽ തളിപ്പറമ്പ്, കണ്ണൂർ, കൂത്തുപറമ്പ് എന്നീ സീറ്റുകൾ ചോദിക്കും. കാസർകോട് ജില്ലയിൽ തൃക്കരിപ്പൂരും. കോഴിക്കോട് നിലവിൽ അഞ്ച് സീറ്റിലാണ് മത്സരിച്ചത്. ഒപ്പം പേരാമ്പ്ര, ബേപ്പൂർ, കുന്നമംഗലം എന്നിവക്ക് വാദിക്കും. വയനാട്ടിലെ കൽപ്പറ്റ, പാലക്കാട്ടെ പട്ടാമ്പി, ഒറ്റപ്പാലം, തൃശൂരിൽ കുന്നംകുളം, കൊടുങ്ങല്ലൂർ എന്നിവയും താൽപ്പര്യ പട്ടികയിലുണ്ട്.
അധിക സീറ്റ് ന്യായം: മുനവറലി തങ്ങൾ
അധിക സീറ്റിനായുള്ള സമ്മർദ്ദം ശക്തമാക്കാൻ പോഷകസംഘടനകളെ രംഗത്തിറക്കുക എന്ന തന്ത്രമാണ് ലീഗ് ആവിഷ്കരിച്ചത്. ലീഗിന്റെ ആവശ്യം ന്യായമാണെന്ന് മുനവറലി വിശദീകരിച്ചു. അതിനെ സമ്മർദ്ദതന്ത്രമായി തെറ്റിദ്ധരിക്കേണ്ടെന്നും ഓൺലൈൻ പ്രസിദ്ധീകരണത്തിലെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.