നെയ്യാറ്റിന്‍കരയിലെ ഇരട്ട ആത്മഹത്യ, ദമ്പതികളുടെ മക്കള്‍ക്ക് ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് സി.പി.ഐ.എം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മകന് രാഹുലിന് ജോലി വാഗ്ദാനം ചെയ്ത് സി.പി.ഐ.എം. നെല്ലിമൂട് സഹകരണ ബാങ്കില്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ ജോലി നല്‍കാമെന്നാണ് നെയ്യാറ്റിന്‍കര ഏരിയാ കമ്മിറ്റി അറിയിച്ചത്.
ഇളയമകന് രഞ്ജിത്തിന് സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
ബാങ്ക് ഭരണ സമിതിയാണ് തീരുമാനമെടുത്തത്. ഇത് സര്‍ക്കാരിനെ അറിയിക്കുമെന്നും സ്ഥലം എം.എല്‍.എ കെ. ആന്‍സലന്‍ അറിയിച്ചു.
രാഹുലിനെയും രഞ്ജിത്തിനെയും സംരക്ഷിക്കുമെന്നും വീടും സ്ഥലവും നല്‍കുമെന്നും സര്‍ക്കാര്‍ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. രഞ്ജിത്തിന്റെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കുട്ടികള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഒഴിപ്പിക്കാന്‍ ശ്രമിച്ച തര്‍ക്ക ഭൂമി വ്യവസായി ബോബി ചെമ്മണ്ണൂര്‍ വാങ്ങി കുട്ടികള്‍ക്ക് നല്‍കിയെങ്കിലും അവര്‍ അത് സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല.
കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാരാണ് ഭൂമി നല്‍കേണ്ടതെന്നും കുട്ടികള്‍ പറഞ്ഞിരുന്നു. ഇത് വില്ക്കാന് കഴിയാത്ത ഭൂമിയാണെന്നും അയല്‍വാസിയായ വസന്തയുടെ കൈവശം ഭൂമിയുടെ രേഖയൊന്നുമില്ലെന്നും രാജന്റെ മകന് രഞ്ജിത്ത് പറഞ്ഞിരുന്നു.
ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. പൊലീസിനെതിരെ ആരോപണങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.