കേന്ദ്ര വിറ്റു തുലക്കൽ പദ്ധതി മുന്നോട്ട്, കേരളത്തിലെ 56,000 കോടിയുടെ ബെമല്‍ 720 കോടിക്ക് വില്പനയ്ക്ക്; താല്‍പ്പര്യപത്രം ക്ഷണിച്ചു
പാലക്കാട് : എതിര്‍പ്പുകള്‍ അവഗണിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മിനി നവരത്ന കമ്പനി ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎല്‍) വില്ക്കാന് കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യപത്രം ക്ഷണിച്ചു. ഏറ്റെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മാര്‍ച്ച് ഒന്നിനകം അറിയിക്കണമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്. കേന്ദ്ര സര്‍ക്കാരിന്റെ 54.03 ഓഹരിയില്‍ 26 ശതമാനവും വില്‍ക്കാനാണ് തീരുമാനം.
കമ്പനിയുടെ മാനേജ്മെന്റ് നിയന്ത്രണം ഉള്‍പ്പെടെ കൈമാറും. 56,000 കോടി രൂപ വിലയുള്ള പൊതുമേഖലാ സ്ഥാപനത്തെ 720 കോടി രൂപ വില കണക്കാക്കിയാണ് കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്നത്. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് 518 കോടി വില കണക്കാക്കി വില്ക്കാന് തീരുമാനിച്ചെങ്കിലും തൊഴിലാളികളുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ എതിര്‍പ്പ്, എം ബി രാജേഷ് പാര്‍ലമെന്റില്‍ നടത്തിയ ഇടപെടല്‍ എന്നിവ മൂലം വില്‍പ്പന ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 16 ഘട്ടമായി വില്ക്കാന് തീരുമാനിച്ചു. അവസാനമാണ് താല്‍പ്പര്യപത്രം ക്ഷണിച്ച് ഉത്തരവായത്.
ജീവനക്കാരുടെ എതിര്‍പ്പ് അവഗണിച്ചാണ് പ്രതിരോധ മേഖലയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം വില്‍ക്കുന്നത്. പ്രതിരോധ മേഖലയില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ബെമല്‍ ഇന്ത്യന്‍ സൈന്യത്തിന് ആവശ്യമായ വാഹനങ്ങള്‍, റോക്കറ്റ് ലോഞ്ചര്‍ വാഹനങ്ങള്‍, ടട്രാ ട്രക്ക്സ് എന്നിവ നിര്‍മിക്കുന്നു. ഖനന- നിര്‍മാണ മേഖലയിലും, മെട്രൊ കോച്ച് നിര്‍മാണത്തിലും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ബെമല്‍ മത്സര ടെന്‍ഡറിലൂടെ 5000 കോടിയുടെ നിര്‍മാണ ഓര്‍ഡറുകള്‍ അടുത്തിടെ നേടിയിരുന്നു. ബംഗളുരു ആസ്ഥാനമായി 1964ല്‍ സ്ഥാപിച്ച കമ്പനി ഇതുവരെ ലാഭത്തില്മാത്രമാണ് പ്രവര്‍ത്തിച്ചത്. പ്രതിരോധ മേഖലയില്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുന്നതോടെ രാജ്യസുരക്ഷയ്ക്കും ഭീഷണിയാണെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്കിയ 375 ഏക്കറിലാണ് യുണിറ്റ് തുടങ്ങിയത്.
സ്ഥാപനം വില്ക്കുമ്പോള് സ്ഥലം ഉള്‍പ്പെടെ കോര്‍പറേറ്റുകള്‍ കൈയടക്കും. ബംഗളൂരു, മൈസൂരു, കോലാര്‍, കഞ്ചിക്കോട് എന്നീ നാല് ഉല്‍പ്പാദന യൂണിറ്റുകളിലായി 4160 ഏക്കര്‍ സ്ഥലവും ബെമലിനുണ്ട്. റിലയന്‍സ്, വേദാന്ത, കല്യാണി ഗ്രൂപ്പ് എന്നിവയാണ് ബെമല്‍ ഏറ്റെടുക്കാന്‍ തുടക്കംമുതല്‍ താല്‍പ്പര്യം കാണിച്ചത്.