ചെമ്മനാട് മണ്ഡലം കോൺഗ്രസ്സിൽ പൊട്ടിത്തെറി, പ്രസിഡന്റ് കൃഷ്ണൻ ചട്ടഞ്ചാലിനെതിരെ കലാപം, കൂട്ടരാജി, അമ്പരന്ന് ഡി സി സി
പൊയിനാച്ചി: കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റിയിൽ പൊട്ടിത്തെറി. ഭാരവാഹികള്‍ കൂട്ടത്തോടെ സ്ഥാന – മാനങ്ങള്‍ രാജിവെച്ചു. ഭാരവാഹികളുടെ വിശദീകരണം ഇങ്ങനെ
‘ഞങ്ങള്‍ കാസര്‍കോഡ് ജില്ലയിലെ ചെമ്മനാട് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് ഭാരവാഹികളാണ്. ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റിന്റെ ധിക്കാരപരവും ഏകാധിപത്യ പരവുമായ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി തവണ ഞങ്ങള്‍ ഡിസിസി പ്രസിഡന്റിന്റേയും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു തിരുത്തല്‍ നടപടി സ്വീകരിക്കാനും ആരും തയ്യാറാവുന്നില്ല.
ചെമ്മനാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഗ്രാമം എന്നു പറയുന്ന വിധം കോണ്‍ഗ്രസ് ശക്തമായ സ്ഥലമാണ് പൊയിനാച്ചി. പൊയിനാച്ചില് പാര്‍ട്ടിക്ക് വേണ്ടി പൊയിനാച്ചിയിലെ പ്രവര്‍ത്തകരുടെ തീരുമാനപ്രകാരം 5 സെന്റ് സ്ഥലം ഗവണ്മെന്റില് നിന്ന് പതിച്ച് വാങ്ങുകയും ഉണ്ടായി. ഇന്നത്തെ മണ്ഡലം പ്രസിഡന്റായ കൃഷ്ണന് ചട്ടഞ്ചാലിന്റെ പേരിലാണ് സ്ഥലം പതിച്ച് വാങ്ങിയത്. ആയത് പാര്‍ട്ടിക്ക് കൈമാറാന്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇതുവരെ ആയത് പാര്‍ട്ടിക്ക് നല്കാന് തയ്യാറായിട്ടില്ല. പാര്‍ട്ടി ഫോറത്തില്‍ നിരവധിതവണ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെങ്കിലും മണ്ഡലം പ്രസിഡന്റ് ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇന്നത്തെ മാര്‍ക്കറ്റ് നിരക്ക് പ്രകാരം 50 ലക്ഷം രൂപയോളം വിലവരുന്ന വസ്തുവാണ് ഇത്.
ഭാരവാഹികള്‍ ഈ ആവശ്യം ഉന്നയിക്കുന്നത് കൊണ്ട് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി കമ്മറ്റി വിളിക്കുകയോ , പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയോ , കൂട്ടായ തീരുമാനം എടുക്കുകയോ ചെയ്യുന്നില്ല. പാര്‍ട്ടി നാശത്തിലേക്ക് നീങ്ങുന്നത് തടയാന്‍ നിരവധി ശ്രമം ഞങ്ങള്‍ നടത്തിയെങ്കിലും ഡി.സി.സി പ്രസിഡന്റിന്റേയും മുന്‍ ഡിസിസി പ്രസിഡന്റ് സി.കെ ശ്രീധരന്റേയും പിന്തുണയോടെ മണ്ഡലം പ്രസിഡന്റ് എല്ലാ പാര്‍ട്ടി മര്യാദയും ലംഘിക്കുകയാണ്.
1. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് പോലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്നില്ല. വോട്ട് ചേര്‍ക്കാന്‍ യാതൊരു നേതൃപരമായ നടപടിയും സ്വീകരിച്ചിട്ടില്ല.
2. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച മണ്ഡലത്തിലെ പ്രശ്നമാണ് കാസറഗോഡ് ജില്ലാ പഞ്ചായത്ത് യുഡിഎഫിന് നഷ്ടമാകാന്‍ കാരണം.
യാതൊരു കൂടിയാലോചനയും കൂടാതെയാണ് ഷാനവാസിന് ഡി.സി.സി സീറ്റ് നിഷേധിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചത് മണ്ഡലം പ്രസിഡന്റാണ്. ഇത് കാരണം പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഉയര്‍ത്തി കാണിക്കാന്‍ ഉണ്ടായിരുന്ന ഒരു ന്യൂനപക്ഷ സമുദായ കാരനെയാണ് പാര്‍ട്ടിക്ക് നഷ്ടമായത്. വ്യക്തി വിരോധം വെച്ച് ഇതിന് ചരടുവലിച്ചത് മണ്ഡലം പ്രസിഡന്റ് ആണ്. മറ്റു വാര്‍ഡുകളിലും ഇതേ സമീപനമാണ് സ്വീകരിച്ചത്.
3. തിരഞ്ഞെടുപ്പ് കാലത്തെങ്കിലും ഒരു പാര്‍ട്ടി യോഗം വിളിച്ചുചേര്‍ക്കാന്‍ മണ്ഡലം പ്രസിഡന്റ് തയ്യാറായിട്ടില്ല. യുഡിഎഫിന്റെ കണ്‍വീനര്‍ കൂടിയാണ് മണ്ഡലം പ്രസിഡന്റ്. അഞ്ച് അംഗങ്ങള്‍ കോണ്‍ഗ്രസിന് ഉണ്ടെങ്കിലും പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ നിര്‍ണയിക്കാന്‍ എങ്കിലും പാര്‍ട്ടി യോഗം ചേര്‍ന്നിട്ടില്ല.
പൂര്‍ണ്ണമായ വിഭാഗീയ പ്രവര്‍ത്തനം മാത്രം നടത്തുന്ന മണ്ഡലം പ്രസിഡന്റിന്റെ സമീപനവുമായി ഒരു തരത്തിലും യോജിക്കാന്‍ ആവാത്തത് കൊണ്ട് ബ്ലോക്ക് – മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ താഴെപ്പറയുന്ന ഞങ്ങള്‍ തല്‍സ്ഥാനം രാജിവെച്ച് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. രാജി സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.