ഗാംഗുലിക്ക് ഹൃദയാഘാതം; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങള്‍. വുഡ്ലാന്‍ഡ്സ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്‍്റെ ചികിത്സക്കായി അഞ്ച് ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് ഉള്ളത്.
“ലഘുവായ ഒരു ഹൃദയാഘാതമാണ് അദ്ദേഹത്തിനുണ്ടായത്. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തിന് വിവിധ പരിശോധനകള്‍ നടത്തി. ആഞ്ജിയോപ്ലാസ്റ്റി വേണോ വേണ്ടയോ എന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്. ബ്ലോക്ക് മാറ്റാനുള്ള സ്റ്റെന്്റ് ഇടണോ എന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്.-” സംഘത്തില്‍ പെട്ട ഡോക്ടര്‍ മനോജ് മൊണ്ടാല്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെ ജിമ്മില്‍ നടത്തിയ വര്‍ക്കൗട്ടിനിടെയാണ് ഗാംഗുലിക്ക് നെഞ്ചുവേദന ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.