സംസ്ഥാനത്തെ കോവിഡ് വാക്സിന് ഡ്രൈ റണ്‍ വിജയകരം; വാക്സിന് ഉടന്‍ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് വാക്സിന് കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ തെരഞ്ഞെടുക്കപ്പെട്ട നാല് ജില്ലകളില്‍ വിജയകരമായി നടന്നു. തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. രാവിലെ 9 മുതല്‍ 11 മണി വരെയായിരുന്നു ഡ്രൈ റണ്‍.
സംസ്ഥാനത്ത് വളരെ വേഗത്തില്‍ കോവിഡ്-19 വാക്സിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഔദ്യോഗികമായി എന്ന് എത്തുമെന്ന അറിയിപ്പ് കിട്ടിയിട്ടില്ല. കോവിഷീല്‍ഡ് വാക്സീന് താരതമ്യേന സുരക്ഷിതമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വാക്സിന് എടുക്കുന്നതിന് ആശങ്ക വേണ്ട. ചിട്ടയായ വാക്സിന് വിതരണത്തിന് കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി
കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശമനുസരിച്ച് മുന്‍ഗണനാ ഗ്രൂപ്പിനെ തീരുമാനിച്ചിട്ടുണ്ട്. ആ ലിസ്റ്റിലുള്ളവര്‍ക്കാണ് വാക്സിന് ആദ്യം നല്‍കുക. പിന്നീട് വാക്സിന് കിട്ടുന്ന അളവില്‍ മറ്റുള്ളവര്‍ക്കും നല്‍കും. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും ജില്ലകളില്‍ നടന്നിട്ടുണ്ട്. വാക്സിന് കിട്ടി കഴിഞ്ഞാല്‍ അതിന്റെ സംഭരണം, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളിലും കുറ്റമറ്റ രീതിയില്‍ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ 3.13 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശേഷം വയോജനങ്ങളാണ് മുന്‍ഗണന ലിസ്റ്റിലുള്ളത്. അവര്‍ക്ക് കൊടുക്കണമെങ്കില്‍ 50 ലക്ഷത്തോളം വാക്സിന് വേണ്ടിവരും. നമ്മുടെ ആവശ്യകതയ്ക്കനുസരിച്ച് വാക്സില്‍ കേന്ദ്രം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാവശ്യമായ വാക്സിന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.