കെ.കെ.ശൈലജ മണ്ഡലം മാറുമോ? രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴുകി കണ്ണൂര്‍. വാർത്തയുമായി മനോരമ
കണ്ണൂര്‍:ആരോഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം മാറേണ്ടി വരുമോയെന്ന ചര്‍ച്ച രാഷ്ട്രീയ രംഗത്ത് സജീവമാകുന്നു. മറുപക്ഷത്തുണ്ടായിരുന്ന 2 പാര്‍ട്ടികളെ ചേര്‍ത്തു മുന്നണി വികസിപ്പിച്ചതോടെ ഇടതു മുന്നണിക്ക് ജില്ലയില്‍ 2 നിയമസഭാ സീറ്റുകള്‍ മാറ്റിവയ്ക്കേണ്ടി വരും; കേരള കോണ്‍ഗ്രസ് എമ്മിനും ലോക്താന്ത്രിക് ജനതാദളിനും (എല്‍ജെഡി).
യുഡിഎഫില്‍ ആയിരുന്നപ്പോള്‍ ഈ രണ്ടു പാര്‍ട്ടികളും മത്സരിച്ച മണ്ഡലങ്ങള്‍ ജില്ലയിലുണ്ട്. അതുകൊണ്ടു തന്നെ അവരുടെ അവകാശവാദത്തിനു നേരെ കണ്ണടയ്ക്കാന്‍ എല്‍ഡിഎഫിനു കഴിയില്ല. ജനതാദള്‍ യുഡിഎഫില്‍ ആയിരുന്നപ്പോള്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ മത്സരിച്ചത് മുന്‍ മന്ത്രിയും ഇപ്പോള്‍ ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റുമായ കെ.പി.മോഹനനാണ്. മോഹനനോടു മത്സരിച്ചാണ് കെ.കെ.ശൈലജ കൂത്തുപറമ്പില്‍നിന്നു ജയിച്ചു മന്ത്രിയായത്.
ഇത്തവണ കൂത്തുപറമ്പ് എല്‍ജെഡിക്കു വിട്ടു കൊടുക്കേണ്ടി വന്നാല്‍ ശൈലജയ്ക്ക് പുതിയ മണ്ഡലം കണ്ടെത്തേണ്ടി വരും. കേരളം നേരിട്ട പ്രതിസന്ധി ഘട്ടങ്ങളില്‍ ആരോഗ്യ വകുപ്പിനെ ചുറുചുറുക്കോടെ നയിച്ച മന്ത്രിയെന്ന നിലയിലാണു ശൈലജയെ പാര്‍ട്ടി അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ സുരക്ഷിതമെന്നു പാര്‍ട്ടി കരുതുന്ന ഏതെങ്കിലും മണ്ഡലം അവര്‍ക്കായി ഒരുക്കേണ്ടി വരും.
ആ മണ്ഡലം ഏതായിരിക്കുമെന്ന ചര്‍ച്ചയാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്നത്. ഔദ്യോഗികമായി സിപിഎം സീറ്റ് ചര്‍ച്ചയോ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയോ തുടങ്ങിയിട്ടില്ലെങ്കിലും നേതാക്കളുടെ മനസ്സില്‍ ഇതു സംബന്ധിച്ച ആലോചനകളുണ്ട്. മുന്‍ മന്ത്രി പി.ആര്.കുറുപ്പിന്റെ കാലംതൊട്ട് സോഷ്യലിസ്റ്റുകളുടെ സ്വാധീന മേഖലയാണ് ഇപ്പോള്‍ കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിന്റെ ഭാഗവും പഴയ പെരിങ്ങളം മണ്ഡലവുമായിരുന്ന പ്രദേശം.
അതുകൊണ്ടു തന്നെ കൂത്തുപറമ്പ് മണ്ഡലം എല്‍ജെഡി ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. ആ ആവശ്യം പരിഗണിക്കേണ്ടി വരുമെന്ന ചിന്ത എല്‍ഡിഎഫിലുമുണ്ട്. അങ്ങനെ വന്നാല്‍ മന്ത്രി കെ.കെ.ശൈലജയ്ക്കു കൂത്തുപറമ്പില്‍നിന്നു മാറേണ്ടി വരും. ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളുള്ളതില്‍ കഴിഞ്ഞതവണ സിപിഎം മത്സരിച്ചത് 9 സീറ്റുകളിലാണ്. സിപിഐക്കും കോണ്‍ഗ്രസ് എസിനും ഓരോ സീറ്റ് നല്കി. സിപിഎം 7 സീറ്റുകളില്‍ ജയിച്ചു. സിപിഐക്കു നല്കിയ സീറ്റില്‍ അവര്‍ പരാജയപ്പെട്ടു.
കോണ്‍ഗ്രസ് എസിനു നല്കിയ സീറ്റില്‍ വിജയിച്ചു. മൊത്തം 8 സീറ്റാണ് എല്‍ഡിഎഫിന് ജില്ലയിലുള്ളത്. നിലവില്‍ സിപിഎം എംഎല്‍എമാരായ 3 പേര് ജില്ലയില്‍ ഇത്തവണ മത്സര രംഗത്ത് ഉണ്ടാവില്ലെന്നാണു സൂചന. രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചു ജയിച്ചവര്‍ മാറണമെന്ന നിലപാടാണു സിപിഎം പിന്തുടരുന്നത്. അങ്ങനെ വന്നാല്‍ സി.കൃഷ്ണന് (പയ്യന്നൂര്‍), ജയിംസ് മാത്യു (തളിപ്പറമ്പ്), ടി.വി.രാജേഷ് (കല്യാശേരി) എന്നിവര്‍ മാറിയേക്കാം.
ഈ മൂന്നു മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നു ശൈലജയ്ക്കു നല്‍കാനുള്ള സാധ്യത പാര്‍ട്ടിക്കു മുന്നിലുണ്ട്. ശൈലജയുടെ നാട് മട്ടന്നൂര്‍ മണ്ഡലത്തിലാണ്. ആ മണ്ഡലത്തിലെ പ്രതിനിധിയാണ് നിലവില്‍ മന്ത്രി ഇ.പി.ജയരാജന്. അദ്ദേഹത്തിന്റെ നാട് കല്യാശേരി മണ്ഡലത്തിലാണ്. ആ നിലയ്ക്ക് ശൈലജ മട്ടന്നൂരിലേക്കും ജയരാജന് കല്യാശേരിയിലേക്കും പരിഗണിക്കപ്പെടാനുള്ള സാധ്യതയും നേതാക്കള്‍ തള്ളിക്കളയുന്നില്ല.
രണ്ടു തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ചിലരുടെ കാര്യത്തില്‍ സാഹചര്യം നോക്കി പാര്‍ട്ടി വിട്ടുവീഴ്ച ചെയ്യാറുണ്ട്. രണ്ടു തവണ തുടര്‍ച്ചയായി മട്ടന്നൂരില്‍ മത്സരിച്ച ഇ.പി.ജയരാജന് മന്ത്രിയെന്ന പരിഗണന നല്കി വീണ്ടും മത്സരിക്കാന്‍ അവസരം നല്കാതിരിക്കില്ല.
പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വിട്ടുവീഴ്ചകള്‍ ഉണ്ടായെങ്കില്‍ മാത്രമെ സി.കൃഷ്ണന്, ജയിംസ് മാത്യു, ടി.വി.രാജേഷ് എന്നിവര്‍ക്ക് വീണ്ടും അവസരം കൈവരൂ. പുതുമുഖങ്ങളെ കൂടി ഉള്‍പ്പെടുത്തേണ്ടതിനാല്‍ ഇവരുടെ കാര്യത്തില്‍ അത്തരം പരിഗണന ഉണ്ടായേക്കില്ലെന്നാണു നിലവിലെ വിവരം.
ഇടതു മുന്നണിക്കൊപ്പം ചേര്‍ന്ന കേരള കോണ്‍ഗ്രസ് എമ്മിന് ജില്ലയില്‍ സീറ്റ് നല്‍കേണ്ട കാര്യം എല്‍ഡിഎഫിനു പരിഗണിക്കേണ്ടി വരും. യുഡിഎഫില്‍ ആയിരുന്നപ്പോള്‍ അവര്‍ക്കു കിട്ടിക്കൊണ്ടിരുന്ന മണ്ഡലം തളിപ്പറമ്പായിരുന്നു. സിപിഎം സുരക്ഷിത മണ്ഡലമായി കണക്കാക്കുന്ന തളിപ്പറമ്പ് കേരള കോണ്‍ഗ്രസ് എമ്മിനു നല്കാന് ഇടയില്ല. പകരം സിപിഐ മത്സരിക്കുന്ന ഇരിക്കൂര്‍ നല്‍കേണ്ടി വന്നേക്കാം.
ഇരിക്കൂര്‍ വിട്ടുകൊടുക്കന്നതില്‍ സിപിഐക്ക് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ല. പകരം അവര്‍ക്ക് ജില്ലയില്‍ മറ്റൊരു മണ്ഡലം നല്‍കേണ്ടി വരും. പുതിയ പാര്‍ട്ടികളെ മുന്നണിയില്‍ എടുക്കുമ്പോള്‍ ചെയ്യേണ്ടി വരുന്ന വിട്ടുവീഴ്ചയെന്ന നിലയില്‍ കൂത്തുപറമ്പും ഇരിക്കൂറും എല്‍ജെഡിക്കും കേരള കോണ്‍ഗ്രസ് എമ്മിനുമായി നല്കുമ്പോള് സിപിഎമ്മിനും സിപിഐക്കും അതു സഹിക്കാവുന്ന നഷ്ടം മാത്രമാകും.
ഇടതുമുന്നണി കോണ്‍ഗ്രസ് എസിനു നല്കിയ മണ്ഡലമാണു കണ്ണൂര്‍. രാമചന്ദ്രന് കടന്നപ്പള്ളിക്കു വേണ്ടിയാണ് ഈ സീറ്റ് സിപിഎം നല്‍കിയത്. കടന്നപ്പള്ളി മത്സരിക്കാനില്ലെങ്കില്‍ ആ സീറ്റ് കോണ്‍ഗ്രസ് എസിനു കിട്ടാന്‍ ഇടയില്ല. അങ്ങനെ വന്നാല്‍ ഇരിക്കൂറിനു പകരം ജില്ലയില്‍ മറ്റൊരു സീറ്റെന്ന സിപിഐയുടെ ആവശ്യം എല്‍ഡിഎഫിനു പരിഗണനയ്ക്ക് എടുക്കേണ്ടി വന്നേക്കാം.
കഴിഞ്ഞ തവണ സിപിഎം എം.വി.നികേഷ് കുമാറിനെ മത്സരിപ്പിച്ച അഴീക്കോടോ, കടന്നപ്പള്ളി മാറിയാല്‍ കണ്ണൂരോ സിപിഐക്കു കിട്ടിയേക്കാം. യുവാക്കളെ രംഗത്തിറക്കി അഴീക്കോട് പിടിക്കണമെന്ന ആവശ്യം സിപിഎമ്മിനു മുന്നിലുമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ കെ.വി.സുമേഷ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ.മധുസൂദനന്, ജനാധിപത്യ മഹിള അസോസിയേഷന് നേതാവും നിലവില്‍ കോര്പറേഷന് കൗണ്‍സിലറുമായ എന്‍.സുകന്യ തുടങ്ങി പുതുമുഖങ്ങളെയും പരിഗണിച്ചേക്കാം.
വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുകയും അവിടെ പരാജയപ്പെട്ടതോടെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം മാത്രമായി കഴിയുകയും ചെയ്യുന്ന പി.ജയരാജന്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന് തുടങ്ങിയവര്‍ക്ക് സീറ്റ് നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. പി.ജയരാജനും ഗോവിന്ദനും നേരത്തേ രണ്ടു തവണ എംഎല്‍എമാരായവരാണ്. സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ പരിഗണിക്കപ്പെടാന്‍ ഇടയുള്ള പേരു കൂടിയാണ് എം.വി.ഗോവിന്ദന്റേത്.
സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനെ വീണ്ടും പാര്‍ലമെന്ററി രംഗത്ത് ഇറക്കണമെന്നു തീരുമാനിച്ചാല്‍ പി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും പരിഗണിച്ചു കൂടായ്കയുമില്ല. എം.വി.ജയരാജന് നേരത്തേ എടക്കാട് എംഎല്‍എയായിരുന്നു. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിനു ശേഷം പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരിക്കുമ്പോള്‍ അതില്‍ ഇടംകിട്ടാനുള്ള സാധ്യതയും പി.ജയരാജനു മുന്നിലുണ്ട്. മുഖ്യമന്ത്രിയും പാര്‍ട്ടി പൊളിറ്റ്ബ്യൂറോ അംഗവും കൂടിയായ പിണറായി വിജയന് മത്സരിക്കുന്ന ജില്ല കൂടിയായതിനാല്‍ എവിടെ ആരു മത്സരിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനും നിര്‍ണായക പങ്കുണ്ട്.