പാലാ സീറ്റ് വിട്ടുകൊടുക്കില്ല;എല്‍ ഡി എഫിൽ തുടരുമെന്ന് മാണി സി കാപ്പന്,യു ഡി എഫുമായി ചർച്ച നടത്തിയിട്ടില്ല
കോട്ടയം: പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് എന്‍ സി പി നേതാവ് മാണി സി കാപ്പന്. എന്‍ സി പി ഇടതുമുന്നണിയുടെ ഭാഗമായി നാളെയും തുടരും. യു ഡി എഫിലെ ആരുമായും മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ സീറ്റിന്റെ പേരില്‍ എന്‍ സി പി മുന്നണി വിടുമെന്ന വാര്‍ത്തകള്‍ വന്ന ശേഷമാണ് മാണി സി കാപ്പന് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.പാലാ സീറ്റിനെച്ചൊല്ലി തര്‍ക്കമില്ലെന്നും എന്‍ സി പി എല്‍ ഡി എഫ് വിടാന്‍ ആലോചിച്ചിട്ടേയില്ലെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി പീതാംബരന് മാസ്റ്ററും മാദ്ധ്യമങ്ങളോട് പറഞ്ഞു. മാണി സി കാപ്പന് മുന്നണി വിടില്ല. മുന്നണി മാറ്റം ആലോചിച്ചിട്ടേയില്ലെന്നും എല്‍ ഡി എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും എന്‍ സി പി ചെയ്യില്ലെന്നും മന്ത്രി എ കെ ശശീന്ദ്രനും പറഞ്ഞു.അതേസമയം, എന്‍ സി പി ജില്ലാകമ്മിറ്റിയോഗങ്ങള്‍ ഇന്ന് മുതല്‍ വിളിച്ച് ചേര്‍ക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനം എന്ന പേരിലാണ് എന്‍ സി പി ജില്ലാ കമ്മിറ്റി യോഗങ്ങള്‍ അടിയന്തരമായി വിളിക്കുന്നത്. ആദ്യയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുന്നണി മാറ്റത്തിലടക്കം ജില്ലാ കമ്മിറ്റികളുടെ നിലപാട് അറിയാനാണ് ഇതിലൂടെ സംസ്ഥാനനേതൃത്വം ലക്ഷ്യമിടുന്നത്. അവസാന യോഗം ജനുവരി 23ന് എറണാകുളത്താണ് നടക്കുന്നത്.