കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ അറസ്റ്റുണ്ടാകും. മുഖ്യപ്രതി ജോളി ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായിച്ച റവന്യൂ ഉദ്യോഗസ്ഥർ, സഹായം നൽകിയ കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കൾ, രണ്ട് ക്രിമിനൽ അഭിഭാഷകർ എന്നിവർ സംശയനിഴലിലാണ്. ഇവരുൾപ്പെടെ ഇതുവരെ ചോദ്യംചെയ്യാത്ത 11 പേരിലേക്കും അന്വേഷണം നീളും. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ച് ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക തയ്യാറാക്കി.
അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇവരുടെ പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ജോളിക്കുവേണ്ടി തയാറാക്കിയ വ്യാജ വില്‍പ്പത്രത്തില്‍ ചൂലൂരിലെ രണ്ട് ബ്രോക്കർമാർ ഒപ്പിട്ടതായി വിവരമുണ്ട്. കോഴിക്കോട് വനിത ജയിലിൽ റിമാൻഡിലുള്ള ജോളിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ബുധനാഴ്ച കോടതിയെ സമീപിക്കും. മറ്റു പ്രതികളായ മാത്യുവും പ്രജികുമാറും ഇപ്പോൾ കോഴിക്കോട് ജില്ലാ ജയിലാണ്.
ഞായറാഴ്ച സയന്റിഫിക് വിദഗ്ധരുടെ സഹായത്തോടെ കൂടത്തായി പൊന്നാമറ്റത്തെ വീട് പൊലീസ് പരിശോധിച്ച് പൂട്ടി സീൽചെയ്തു. ഭർത്താവ് റോയിയെ കൊല്ലാൻ ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്ത ജ്വല്ലറി ജീവനക്കാരൻകൂടിയായ റോയിയുടെ അമ്മാവന്റെ മകൻ കാക്കവയൽ മഞ്ചാടിയിൽ വീട്ടിൽ സജി എന്ന എം എസ് മാത്യു, മാത്യുവിന് സയനൈഡ് നൽകിയ സ്വർണപ്പണിക്കാരനായ താമരശേരി പള്ളിപ്പുറം തച്ചംപൊയിൽ മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാർ എന്നീ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൂടുതൽപേരിലേക്ക് നീങ്ങുന്നത്.
ജോളിക്ക് കൂടുതൽ അളവിൽ സയനൈഡ് എങ്ങനെ ലഭിച്ചുവെന്നതും അന്വേഷിക്കുന്നു. രണ്ട് പേരെ കൊലപ്പെടുത്താനുള്ള സയനൈഡ് മാത്രമാണ് പ്രജികുമാറിൽനിന്ന് വാങ്ങി മാത്യു നൽകിയതെന്നാണ് വിവരം. മറ്റ് കൊലകള്‍ക്ക് സയനൈഡ് ലഭിച്ചതില്‍ ദുരൂഹതയുണ്ട്. എൻഐടി ബന്ധം ഉപയോഗപ്പെടുത്തി ജോളി സയനൈഡ് സംഘടിപ്പിച്ചിട്ടുണ്ടോയെന്നും സംശയമുണ്ട്. എൻഐടിയിൽ ജോളിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.
ജോളിയും മാത്യുവും തമ്മിലുള്ള കൂടുതൽ ബന്ധം, വ്യാജരേഖകൾ തയ്യാറാക്കാൻ സഹായിച്ചവർ, ജോളിയുടെ സാമ്പത്തിക ഇടപാട് എന്നിവയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കല്ലറ തുറന്ന് ശേഖരിച്ച മൃതദേഹ ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം കണ്ണൂരിലെ ഫോറൻസിക് ലാബിൽനിന്നും എത്രയും വേഗം നൽകാൻ പൊലീസ്ആശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം ശരിയായ ദിശയിൽ: ഡോ. ഷേർളി വാസു
കൂടത്തായിയിലെ കൊലപാതക പരമ്പര വിശദമായി ആസൂത്രണം ചെയ്ത് ക്രൂരമായി നടപ്പാക്കുകയായിരുന്നുവെന്ന് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ പൊലീസ് മുൻ സർജൻ ഡോ.ഷേർളി വാസു പറഞ്ഞു. കേരളാ പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്നും അവർ ‘ദേശാഭിമാനി’യോട് പറഞ്ഞു.
കൂടത്തായിയിലെ കൊലപാതക പരമ്പര വിശദമായി ആസൂത്രണം ചെയ്ത് ക്രൂരമായി നടപ്പാക്കുകയായിരുന്നുവെന്ന് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ പൊലീസ് മുൻ സർജൻ ഡോ.ഷേർളി വാസു പറഞ്ഞു. കേരളാ പൊലീസിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്നും അവർ ‘ദേശാഭിമാനി’യോട് പറഞ്ഞു.