എൽ ഡി എഫിൽ കല്ലുകടി, ജോസ് കെ മാണി പാലായില്‍ ഇടത് സ്ഥാനാര്‍ത്ഥി; മുന്നണി വിടാനൊരുങ്ങി എന്‍ സി പി
കോട്ടയം: ജോസ് കെ മാണി പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. ഇതിന് മുന്നോടിയായി ജോസ് കെ മാണി രാജ്യസഭ എം പി സ്ഥാനം രാജിവയ്ക്കും. കുട്ടനാട് സീറ്റ് എന്‍ സി പിയില്‍ നിന്ന് സി പി എം ഏറ്റെടുക്കുമെന്നാണ് വിവരം. എന്‍ സി പി എല്‍ ഡി എഫ് വിടാനും തീരുമാനമെടുത്തു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എന്‍ സി പി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ നടത്തും.സി കെ ശശീന്ദ്രന് വിഭാഗം മുന്നണി മാറ്റം ഇതുവരെ അംഗീകരിച്ചിട്ടില്ല. അവരെയും ഒപ്പം കൂട്ടാനുളള ശ്രമമാണ് നടക്കുന്നതെന്നാണ് എന്‍ സി പി ക്യാമ്പ് പറയുന്നു. സംസ്ഥാന പ്രസിഡന്റ് പീതാംബരന് മാസ്റ്റര്‍ ഉള്‍പ്പടെയുളളവര്‍ കാപ്പന് ഒപ്പമാണ്.ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തില്‍ എല്‍ ഡി എഫില്‍ നിന്ന് ഒരു ഘടകക്ഷിയെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ ശ്രമം നടത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച ചര്‍ച്ച ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ സജീവമാക്കുകയായിരുന്നു.യു ഡി എഫ് എന്‍ സി പിക്ക് നാല് നിയമസഭ സീറ്റുകള്‍ നല്‍കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സീറ്റുകളുടെ എണ്ണം അഞ്ച് വരെയാകാമെന്ന് എന്‍ സി പി വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വരും ദിവസങ്ങളില്‍ നടക്കും.സംസ്ഥാനത്ത് പ്രഖ്യാപനം നടന്നാല്‍ ചര്‍ച്ചകള്‍ വേറെ രീതിയിലേക്ക് പോവുമെന്നും അതുകൊണ്ട് ശരദ് പവാര്‍ തന്നെ മുന്നണി മാറ്റം പ്രഖ്യാപിക്കണമെന്നും മാണി സി കാപ്പന് ശരദ് പവാറിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാലാ വീണ്ടും ശ്രദ്ധകേന്ദ്രമാകുമെന്ന് ഉറപ്പായി.