പെരിയയിൽ വിമാനമിറങ്ങും,പ്രവാസികൾക്ക് ലോക കാസർകോട് സഭ വികസനത്തിന് കാസർകോട് മോഡലുമായി ജില്ലാ പഞ്ചായത്ത്
കാസർകോട് :വികസനത്തിൽ കാസർകോട് മോഡൽ വളർത്തിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലുള്ളവരുമായി ചർച്ച നടത്തി വിഷൻ 2050 തയ്യാറാക്കും.
ജില്ലയിലെ ജനസംഖ്യ 16.07 ലക്ഷമാണ്. ഒരു ലക്ഷം പ്രവാസികളുണ്ട്. ഇവരുടെ അനുഭവ സമ്പത്ത് ഉപകാരപ്പെടുത്താൻ ലോക കാസർകോട് സഭ സംഘടിപ്പിക്കും. പെരിയ എയർ സ്ട്രിപ്പുമായി മുന്നോട്ടുപോകും. കാസർകോട് പ്രസ്ക്ലബിന്റെ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു പി ബേബി.
ജില്ലാതല കോൺഗ്രസ്
മണ്ണ് ജല സംരക്ഷണം, ക്ഷീര വികസനം, മത്സ്യബന്ധനം, മാലിന്യ സംസ്കരണം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ രംഗം, വിദ്യാഭ്യാസ മേഖല, കുടിവെള്ള സംരക്ഷണം, പട്ടികജാതി പട്ടികവർഗ ക്ഷേമം, പശ്ചാത്തല സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് പദ്ധതികൾ തയ്യാറാക്കും. വികസനത്തിന്റെ വിവിധ മേഖലകൾ പഠിക്കാൻ ജില്ലാതല കോൺഗ്രസ് സംഘടിപ്പിക്കും. വിഭവസമാഹരണ സാധ്യത കണ്ടെത്താൻ പ്രത്യേക കമീഷൻ രൂപീകരിക്കും.
നിക്ഷേപ സംഗമം
ജില്ലയിൽനിന്നുള്ളവരെ സർക്കാർ സർവീസിൽ എത്തിക്കുന്നതിന് പ്രത്യേക പരിശീലന കേന്ദ്രങ്ങൾ തുറക്കും. ഐഎഎസ് അക്കാദമി ആരംഭിക്കും. വ്യവസായ വികസന രംഗത്ത് അടിസ്ഥാന സൗകര്യം ലഭ്യമാക്കും. നൂതന ആശയങ്ങൾ തയ്യാറാക്കുന്ന യുവാക്കളുടെ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. പ്രാദേശിക സാമ്പത്തിക വികസനത്തിന് നിക്ഷേപ സംഗമം
നടത്തും.
സീറോ വേസ്റ്റ് ലക്ഷ്യം
സീറോ വേസ്റ്റ് കാസർകോട് ലക്ഷ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപങ്ങളെ ഏകോപിപ്പിച്ച് ഹരിത കേരള മിഷന്റെ സഹായത്തോടെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണും. മാലിന്യ സംസ്കരണത്തിന് 100 കോടി രൂപ സംസ്ഥാന ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. കിഫ്ബി മുഖേന 15 കോടിയുടെ പദ്ധതിയുണ്ട്. സ്ഥലമാണ് എല്ലായിടത്തും പ്രശ്നം. സ്ഥലമുള്ളയിടത്ത് നാട്ടുകാരുടെ എതിർപ്പ് കാരണം പദ്ധതി നടപ്പാകുന്നില്ല. ഇതിനായി ബോധവൽകരണം നടത്തും.
ജില്ലാ ആശുപത്രി ജനസൗഹൃദം
ജില്ലാ ആശുപത്രി കൂടുതൽ ജനസൗഹൃദമാക്കും. കൂടുതൽ ഡയാലിസിസ് കേന്ദ്രങ്ങൾ സ്ഥാപിക്കും. ജില്ല പഞ്ചായത്ത് വളപ്പിലെ അമ്മയും കുഞ്ഞും ശിൽപം വേഗത്തിൽ പൂർത്തിയാക്കും.
പെരിയയിൽ മൊത്ത വിൽപന മാർക്കറ്റ്
പെരിയയിൽ മൊത്ത വിൽപന മാർക്കറ്റ് സ്ഥാപിക്കും. 862 കട തുറക്കും. പച്ചക്കറി ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങളും മറ്റും ലഭ്യമാക്കും. ഇതുവഴി ജില്ലാ പഞ്ചായത്തിന് തനത് വരുമാനം ലഭിക്കും.
മീറ്റ് ദി പ്രസിൽ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരും പങ്കെടുത്തു. കെ വി പത്മേഷ്, ജി എൻ പ്രദീപ് എന്നിവർ സംബന്ധിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് വാർഡുകളിൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ തുടങ്ങുമെന്ന് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ പറഞ്ഞു. എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായാണ് ഇത്. അധ്യാപകർക്ക് പുറമേ കൗൺസിലിങ് നൽകാനും വിദഗ്ധരെ നിയോഗിക്കും. ഓൺലൈൻ പഠനത്തിലുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാനാണ് കേന്ദ്രങ്ങൾ.
തെക്കിൽ പെരുമ്പള തീരദേശ ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കാൻ ജില്ല പഞ്ചായത്ത് ഇടപെടും. കിഫ്ബി മുഖേന 55 കോടി രൂപയാണ് അനുവദിച്ചത്. ഭൂമി ഏറ്റെടുക്കാൻ നാട്ടുകാരുമായി സംസാരിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ വലിയ ടൂറിസം സാധ്യതയാണ് പുഴയോരത്തൂടെയുള്ള ഈ റോഡ് തുറക്കുക.