പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 8ന്; ബജറ്റ് 15ന്
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത് സമ്മേളനം ജനുവരി 8 മുതൽ വിളിച്ചുചേർക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ശുപാർശ ഗവർണറുടെ അനുമതിയ്ക്കായി ഉടൻ സമർപ്പിക്കും. നിയമസഭ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം അവശേഷിക്കെയാണ് അടുത്തയാഴ്ച ബജറ്റ് സമ്മേളനം ചേരുന്നത്. ജനുവരി 15നാണ് ബജറ്റ്.തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കേരള പര്യടനത്തിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സമൂഹത്തിന്റെ പല തലങ്ങളിലെ വ്യക്തികളെ സന്ദർശിച്ച് അവരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് മുന്നൊരുക്കങ്ങളിൽ മുഴുകിയിരിക്കുകയാണ് ഇപ്പോൾ.