25ാമത് രാജ്യാന്തര ചലച്ചിത്രമേള നാലിടങ്ങളിൽ ഫെബ്രുവരി പത്ത് മുതല്‍, തലശ്ശേരിയിൽമാർച്ച് ഒന്ന് മുതൽ 5 വരെ
തിരുവനന്തപുരം : കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവയ്ച്ച 25ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി പത്ത് മുതല്‍ നടത്താന്‍ തീരുമാനം. പതിവില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി സംസ്ഥാനത്തിലെ നാല് ജില്ലകള്‍ ചലച്ചിത്രമേളയ്ക്ക് വേദിയാവും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് വേദികള്‍. ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനമുണ്ടാവും. ഈ വര്‍ഷം ഡെലിഗേറ്റുകള്‍ക്കുള്ള ഫീസ് 750 ആയി കുറച്ചിട്ടുണ്ട്, കഴിഞ്ഞ വര്‍ഷമിത് 2000 രൂപയായിരുന്നു. ചലച്ചിത്രമേളയ്ക്കെത്തുന്ന ഡെലിഗേറ്റുകള്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം.തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും പാലക്കാട് 23 മുതല്‍ 27 വരെയും തലശ്ശേരിയില്‍ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമായിരിക്കും മേള.ഇരുന്നൂറു പേര്‍ക്കു മാത്രമാണ് തിയേറ്ററില്‍ പ്രവേശനമുണ്ടാവുക. രജിസ്ട്രേഷന് അതതു മേഖലകളില്‍ നടത്തണം.മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ മാസം ആദ്യമായിരുന്നു തലസ്ഥാനം ചലച്ചിത്രമേളയ്ക്ക് വേദിയായിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഫെസ്റ്റിവല്‍ കിളികള്‍ ചേക്കേറുന്ന കാഴ്ച തലസ്ഥാനത്തിന് എന്നും മധുരതരമായിരുന്നു.