രാജഗോപാല്‍ പറഞ്ഞതിന്റെ കാരണമറിയില്ല, ബിജെപി നിലപാട് വ്യക്തം: വി. മുരളീധരന്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ അനുകൂലിച്ചതിനെക്കുറിച്ച് തനിക്കറിയില്ലെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്.
അങ്ങനെ ഒരു സംഭവമുണ്ടായിട്ടുണ്ടെങ്കില്‍ കാരണം എന്താണെന്നറിയില്ല. രാജഗോപാലിനോടു സംസാരിക്കണം. കാര്‍ഷിക ഭേദഗതി നിയമത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ പാസാക്കിയ കാര്‍ഷിക നിയമഭേദഗതിക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു രാജഗോപാല്‍ രംഗത്തെത്തിയതോടെയാണ് ബിജെപി വെട്ടിലായത്. പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്ന് രാജഗോപാല്‍ മാധ്യമങ്ങളോടു വ്യക്തമാക്കി.
നേരത്തെ, സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിച്ചാണു രാജഗോപാല്‍ സംസാരിച്ചത്. കര്‍ഷകര്‍ക്കു നേട്ടമുണ്ടാകുന്നതിനു വേണ്ടിയാണ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ രാജഗോപാല്‍ എതിര്‍ത്തില്ല. പ്രമേയം എതിര്‍പ്പില്ലാതെ പാസായെന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന് അറിയിക്കുകയും ചെയ്തു.
പിന്നീട് മാധ്യമങ്ങളോടു സംസാരിക്കവെയാണു താന്‍ പ്രമേയത്തെ അനുകൂലിച്ചതായി ഒ. രാജഗോപാല്‍ വെളിപ്പെടുത്തിയത്. സഭയിലെ പൊതു അഭിപ്രായത്തെ മാനിച്ചാണു പ്രമേയത്തെ താന്‍ പിന്തുണച്ചതെന്നു പറഞ്ഞ രാജഗോപാല്‍, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
രാജഗോപാല്‍ പറഞ്ഞതെന്തെന്നു പരിശോധിക്കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രതികരണം. രാജഗോപാലുമായി സംസാരിക്കും. അതിനുശേഷം പ്രതികരിക്കുമെന്നും ബിജെപിയില്‍ ഭിന്നതയില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.