സിനിമാ താരങ്ങള്‍ക്ക് പിന്നാലെ ക്രിക്കറ്റ് താരങ്ങളെയും കൊന്നുതുടങ്ങി സോഷ്യല്‍ മീഡിയ. ഇത്തവണ അഫ്ഗാന് ക്രിക്കറ്റ് താരം മുഹമ്മദ് നബിയെയാണ് ജീവിച്ചിരിക്കെ സോഷ്യല്‍ മീഡിയ കൊന്ന അടുത്ത താരം. ഇദ്ദേഹത്തിന് മുമ്ബ് കനക, മാമുക്കോയ, സാജന് പള്ളുരുത്തി, ജഗതി, മധു തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട് മരിച്ചവരുടെ പട്ടികയില്‍. ട്വിറ്ററിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഏറെ വൈകാതെ മുഹമ്മദ് നബി തന്നെ തന്റെ മരണവാര്‍ത്ത തള്ളി രംഗത്തെത്തി. സുഹൃത്തുക്കളെ ഞാന്‍ സുഖമായി ഇരിക്കുന്നുവെന്നാണ് നബി ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നടന് മധു മരിച്ചുവെന്ന വ്യാജ വാര്‍ത്തയും പുറത്തുവന്നിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ അദ്ദേഹത്തെ വിളിച്ച ഒരു ആരാധകന്റെ ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. വാട്ട്സാപ്പ് മെസ്സേജ് കണ്ട് വിഷമത്തില്‍ വിളിച്ച് നോക്കിയതാണെന്ന് മറുതലയ്ക്കല്‍ നിന്ന് പറയുമ്ബോള്‍ ഒരു ചിരിയാണ് മധു സമ്മാനിച്ചത്. തുടര്‍ന്ന് സുഖമാണോ എന്ന ചോദ്യത്തിന് ‘ഒരു കുഴപ്പവുമില്ല, സുഖമായി ഇരിക്കുന്നു’ എന്ന് മറുപടി നല്കി. ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത് സംബന്ധിച്ച് മധുവിന്റെ മകള്‍ ഉമ നായര്‍ പരാതി നല്കി.