ബി.ജെ.പി പിന്തുണയില്‍ അധികാരം ലഭിച്ച റാന്നിയില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന് സി.പി.ഐ.എം
റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ബി.ജെ.പി പിന്തുണയില്‍ ലഭിച്ച പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന് എല്‍.ഡി.എഫ്.
റാന്നിയില്‍ ബി.ജെ.പി-സി.പി.ഐ.എം കൂട്ടുകെട്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടിയിലാണ് എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ബി.ജെ.പി വോട്ട് ചെയ്യുകയായിരുന്നു.
ഇതോടെ റാന്നി പഞ്ചായത്തിന്റെ ഭരണം എല്‍.ഡി.എഫിന് ലഭിച്ചു. റാന്നി പഞ്ചായത്തില്‍ ആകെയുണ്ടായിരുന്ന പതിമൂന്ന് സീറ്റുകളില്‍ അഞ്ചെണ്ണം എല്‍.ഡി.എഫിനും, അഞ്ചെണ്ണം എല്‍.ഡി.എഫിനും രണ്ടെണ്ണം ബി.ജെ.പിക്കുമാണ് ലഭിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു.
ഒരു സ്വതന്ത്രന്റെയും, രണ്ട് ബി.ജെ.പി അംഗങ്ങളുടെയും പിന്തുണയോട് കൂടിയാണ് കേരള കോണ്‍ഗ്രസിന്റെ മെമ്പര്‍ റാന്നിയില്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
സ്വതന്ത്രന്റെ പിന്തുണയോടുകൂടി അധികാരത്തിലെത്താമെന്നായിരുന്നു പ്രദേശത്ത് യു.ഡി.എഫ് കരുതിയിരുന്നത്. എന്നാല്‍ ബി.ജെ.പി അംഗങ്ങള്‍ എല്‍.ഡി.എഫിന് വോട്ടു ചെയ്തതോടെ പഞ്ചായത്ത് പിടിക്കാമെന്ന യു.ഡി.എഫിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി നേരിടുകയായിരുന്നു.
എല്‍.ഡി.എഫ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് വ്യക്തമാക്കിയതോട് റാന്നിയില്‍ അധികാരം പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ യു.ഡി.എഫ് ശക്തമാക്കും.