തീയേറ്ററിക്സ് സൊസൈറ്റി ഒപ്പരം പുതുവര്‍ഷാഘോഷം നാളെ അനന്തപുരത്ത്
കാസര്‍കോട്: കാസര്‍കോട് തിയേട്രിക്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒപ്പരം പുതുവര്‍ഷാഘോഷം ഇത്തവണയും.
കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് ആഘോഷ പരിപാടി ജനങ്ങളില്‍ എത്തിക്കുക. കാസര്‍കോട് തിയേട്രിക്സിന്റെ ഫേസ്ബുക്ക് പേജില്‍ ആഘോഷം ലൈവായി കാണിക്കും. യുട്യൂബിലും ലഭ്യമാക്കും. പതിവുപോലെ കലാ പരിപാടികള്‍ ഒരുക്കും. പുതിയ വര്‍ഷം പിറക്കുന്ന നിമിഷം വെറുപ്പിന്റെ പ്രതീകത്തെ അഗ്നിക്കിരയാക്കും. 31 ന് രാത്രി 9.30 മുതല്‍ ആഘോഷ പരിപാടിക്ക് തുടക്കം കുറിക്കും. തിയേട്രിക്സ് സൊസൈറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബുവിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും. നൃത്തം, വിവിധ കലാപരിപാടികള്‍, കാസര്കോടിനൊരിടത്തിന്റെ നേതൃത്വത്തിലുള്ള ഗാനമേള, നാടന്‍പാട്ട് തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. കഴിഞ്ഞ രണ്ട് വര്‍ഷവും വിപുലമായ തരത്തില്‍ കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ പുതുവര്‍ഷാഘോഷ പരിപാടി സംഘടിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.