കാസര്‍കോട് ഈസ്റ്റ് എളേരിയില്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആര്‍എംപി വിപ്പ്; ചെയ്യില്ലെന്ന് അംഗങ്ങള്‍
കാസര്‍കോട്: ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ആര്‍എംപിയുടെ വിപ്പ്.
ആര്‍എംപി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി എന്‍.വേണു ഇതു സംബന്ധിച്ച് പത്ര പരസ്യവും നല്കി. ആര്‍എംപിയുടെ ഔദ്യോഗിക ചിഹ്നമായ ‘ഫുട്ബോള്‍’ ചിഹ്നത്തില്‍ മത്സരിച്ച ഡിഡിഎഫിന്റെ നാല് അംഗങ്ങളോടാണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് അഞ്ചുവര്‍ഷം മുമ്പാണ് ഡിഡിഎഫ് എന്ന പേരില്‍ സ്വതന്ത്ര മുന്നണി രൂപീകരിച്ചത്. 2015-ല്‍ ഈ മുന്നണി അധികാരവും പിടിച്ചു. 16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഇത്തവണ ഡിഡിഎഫിനും യുഡിഎഫിനും ഏഴ് വീതം സീറ്റുകള്‍ ലഭിച്ചു. രണ്ടു സീറ്റുകള്‍ എല്‍ഡിഎഫിനും ലഭിച്ചു. എല്‍ഡിഎഫിന്റെ സഹായത്തോടെ ഡിഡിഎഫ് വീണ്ടും അധികാരത്തിലേറുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ഇതിനിടയിലാണിപ്പോള്‍ തങ്ങളുടെ ചിഹ്നത്തില്‍ മത്സരിച്ചവര്‍ യുഡിഎഫിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പത്ര പരസ്യം നല്‍കിയിരിക്കുന്നത്. അംഗങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ ആര്‍എംപിയുടെ നോട്ടീസും പതിച്ചിട്ടുണ്ട്. ഡിഡിഎഫ് നേതൃത്വവും ആര്എപിയും തിരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ ധാരണയിലാണ് പഞ്ചായത്തില്‍ ഡിഡിഎഫിന് ഫുട്ബോള്‍ ചിഹ്നം അനുവദിച്ച് നല്‍കിയത്.
വിപ്പ് ലംഘിച്ചാല്‍ നിയമനടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് ആര്‍എംപി പത്രപരസ്യമടക്കം നല്‍കിയിരിക്കുന്നത്. ഫുട്ബോള്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച നാല് അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് പരസ്യം നല്‍കിയിട്ടുള്ളത്.
എന്നാല്‍ ഈ വിപ്പ് അംഗീകരിക്കേണ്ടതില്ലെന്നാണ് ഡിഡിഎഫ് നേതൃത്വം ഇപ്പോള്‍ കൈകൊണ്ടിരിക്കുന്ന നിലപാട്. ആര്‍എംപി നല്‍കിയിരിക്കുന്ന കത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ലെന്നും നിയമ നടപടികള്‍ വന്നാല്‍ നേരിടാമെന്നുമാണ് ഡിഡിഎഫ് അറിയിച്ചിരിക്കുന്നത്.
2015 തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായിട്ടാണ് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജയിംസ് പന്തമ്മാക്കലിന്റെ നേതൃത്വത്തില്‍ ഡിഡിഎഫ് എന്ന മുന്നണി രൂപീകരിച്ചത്. അന്ന് 16-ല്‍ 10 സീറ്റുകളും സ്വന്തമാക്കിയാണ് ഡിഡിഎഫ് അധികാരത്തിലേറിയത്. ഇത്തവണ പൊതു ചിഹ്നം ലഭിക്കുന്നതിനായിട്ടാണ് ഡിഡിഎഫ് നേതൃത്വം ആര്‍എംപിയെ സമീപിച്ച് ഫുട്ബോള്‍ സ്വന്തമാക്കിയത്. ഉമ്മന്‍ചാണ്ടിയേയും രാജ്മോഹന്‍ ഉണ്ണിത്താനേയും അടക്കം രംഗത്തിറക്കിയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം.