ഇന്ത്യയിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസ്
പടരുന്നു, കൂടുതൽ രോഗ ബാധ സ്ഥിരീകരിച്ചു.
ഡൽഹി : ഇന്ത്യയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. പുതിയ വകഭേദം കണ്ടെത്തിയവരിൽ രണ്ട് വയസുകാരിയും ഉണ്ട്. അതിവേഗം രോഗം പടർത്തുന്ന വൈറസ് വകഭേദത്തിൻ്റെ റിപ്പോർട്ട് വന്നപ്പോൾ തന്നെ കേന്ദ്രം മുൻകരുതൽ നടപടി തുടങ്ങിയിരുന്നു. ജനിതകമാറ്റം വന്ന വൈറസ് കണ്ടെത്താൻ പത്തു ലാബുകളുടെ കൺസോർഷ്യം രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയത് 33000 പേരാണ്.
പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചവരെ ആശുപത്രികളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിലാക്കി. ഇവരോടൊപ്പം യാത്ര ചെയ്തവരെയും സമ്പർക്കത്തിൽ വന്നവരെയും പരിശോധിക്കും. ഡിസംബർ 31 വരെയാണ് യുകെയിൽ നിന്നുള്ള വിമാനങ്ങൾ വിലക്കിയത്. ഇത് നീട്ടിയേക്കും.
കൊവിഡ് വാക്സിൻ പുതിയ വൈറസിനെയും ചെറുക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നിൻ്റെ ഡ്രൈറൺ വിജയകരമെന്നും സർക്കാർ അറിയിച്ചു.
കൂടുതൽ രാജ്യങ്ങളിൽ ജനിതകമാറ്റം വന്ന വൈറസ് റിപ്പോർട്ട് ചെയ്തു അമേരിക്കയിലും സ്പെയിനിലും പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത അത്യാവശ്യമാണ്.