വൈദ്യുതി കുടിശ്ശിക: ബില്ലുകൾ ഡിസംബർ 31ന് മുമ്പ് അടക്കണം
കാസർകോട് : ലോക് ഡൗണിന് മുമ്പും ശേഷവുമുള്ള കെ.എസ്.ഇ.ബി കുടിശ്ശിക ബില്ലുകൾ ഡിസംബർ 31ന് മുമ്പ് അടക്കേണ്ടതാണെന്ന് കാസർകോട് ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു. ഉപഭോക്താക്കൾക്ക് നേരിട്ട് സെക്ഷൻ ഓഫീസിലോ, ഓൺലൈൻ വഴിയോ പണമടയ്ക്കാവുന്നതാണ്. ഡിസംബർ 31ന് ശേഷം കുടിശ്ശിക നിലവിലുള്ള ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷൻ കർശനമായും വിച്ഛേദിക്കുന്നതാണ്.
2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ ലോക് ഡൗൺ കാലത്ത് നൽകിയ ഗാർഹിക ഉപഭോക്താക്കളുടെ ബില്ലുകൾ ഡിസംബർ 31 വരെ സർചാർജോ പലിശയോ കൂടാതെ അടക്കുന്നതിന് സാവകാശം നൽകിയിരുന്നു. ബിൽ തുക തവണകളായി നൽക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി. സർക്കാർ നിർദ്ദേശ പ്രകാരം ബില്ലുകളിന്മേൽ സബ്സിഡിയും അനുവദിച്ചു. കൂടാതെ വ്യാവസായിക വാണിജ്യ ഉപഭോക്താക്കൾക്കും സ്വകാര്യ ആശുപത്രികൾക്കും 2020 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ബാധകമായ ഫിക്സഡ് ചാർജ്ജിൽ 25% കിഴിവ് നൽകി. ബാക്കിയുള്ള 75 % ഫിക്സഡ് ചാർജ്ജുകൾ മാറ്റി വെച്ച കാലയളവിൽ പലിശ ഈടാക്കാതെ ഡിസംബർ 15നുള്ളിൽ അടക്കുന്നതിനുള്ള സൗകര്യവും പ്രസ്തുത വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾ നൽകിയിരുന്നു. എന്നാൽ, പല ഉപഭോക്താക്കളും ലോക് ഡൗണിന് മുൻപും പിൻപുമുള്ള ബില്ലുകൾ ഇനിയും അടക്കാനുണ്ട്. ഈ വിഷയത്തിൽ കൂടുതൽ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളെ ഫോണിലൂടെ വിവരം അറിയിച്ചിട്ടുണ്ട്.