നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; അയല്‍വാസി വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ അയല്‍വാസി വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് വസന്തയുടെ കസ്റ്റഡി. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കടകംപളളി സുരേന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു.അതേസമയം, മരിച്ച രാജന് – അമ്പിളി ദമ്പതികളുടെ മക്കളുടെ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുത്തു. മന്ത്രി കടകംപളളി സുരേന്ദ്രനാണ് സ്ഥലം എം.എല്‍.എ ആയ ആന്സലനൊപ്പം വീട്ടിലെത്തി ഇക്കാര്യം അറിയിച്ചത്. ഭൂമി ഒഴിപ്പിക്കാനുളള കോടതി വിധിക്കെതിരെ മരിച്ചു പോയ രാജന് അപ്പീല്‍ പോയിരുന്നു. അപ്പീലില്‍ തീരുമാനമാകും വരെ കാത്തിരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. അതാണ് ഈ സംഭവങ്ങള്‍ക്ക് കാരണമായതെന്ന് മന്ത്രി പറഞ്ഞു.എവിടെയൊക്കെ വീഴ്ചയുണ്ടായി, പൊലീസിന് വീഴ്ചയുണ്ടായോ എന്നതെല്ലാം പരിശോധിക്കും. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കും. പട്ടികജാതിക്കാരുടെ ഭൂമി അനധികൃതമായി കൈയേറാനുളള ശ്രമം സര്‍ക്കാര്‍ തടയുമെന്നും കടകംപളളി വ്യക്തമാക്കി.മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ സംരക്ഷണ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും. അവരുടെ ആഗ്രഹം പോലെ തുടര്‍പഠനത്തിന് അവസരമൊരുക്കും. അവര്‍ക്ക് വീട് നല്കാന് ആവശ്യമായ നടപടിയും സര്‍ക്കാര്‍ എടുക്കും. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ കുറ്റവാളികളായ എല്ലാവര്‍ക്കുമെതിരെ നടപടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.