തിരുവനന്തപുരം : പരീക്ഷാഹാളില്‍ വാച്ചും കുപ്പിവെള്ളവും നിരോധിക്കാന്‍ ആരോഗ്യ സര്‍വ്വകലാശാലയുടെ തീരുമാനം. എം ബി ബി എസ് പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി തെളിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷാ ഹാളില്‍ ക്ലോക്ക് വെക്കാനും നിര്‍ദേശം നല്കി.
സംസ്ഥാനത്തെ അഞ്ചു മെഡിക്കല്‍ കോളജില്‍ കോപ്പിയടി നടന്നെന്ന് ആരോഗ്യ സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. ആലപ്പുഴ, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരം എസ്.യു.ടി., കൊല്ലം അസീസിയ, പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളജിലുമാണ് കൂട്ട കോപ്പിയടി നടന്നെന്ന് പരാതി ഉയര്‍ന്നത്. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പരാതി ഉന്നയിച്ചത്.
പരീക്ഷാ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രഥമ ദൃഷ്ട്യാ കോപ്പിയടി നടന്നെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ആരോഗ്യ സര്‍വകലാശാല കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി പരീക്ഷാഹാളില്‍ കുപ്പിവെള്ളവും വാച്ചും അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തില്‍ സമയമറിയാന്‍ ക്ലോക്ക് സ്ഥാപിക്കും. ബോള്‍ പോയിന്റ് പേന കൊണ്ട് മാത്രമേ പരീക്ഷ എഴുതാന്‍ ആവൂ. മാല, വള തുടങ്ങിയ ആഭരണങ്ങള്‍ക്കും പരീക്ഷാഹാളില്‍ നിയന്ത്രണമുണ്ടാകും.
ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന എം ബി ബി എസ് അവസാന വര്‍ഷ പാര്‍ട്ട് വണ്‍ പരീക്ഷയിലായിരുന്നു കോപ്പിയടി നടന്നത്. ആരോഗ്യ സര്‍വകലാശാല കര്‍ശന നിലപാടെടുത്തതോടെ കോപ്പിയടിച്ച ആറു വിദ്യാര്‍ത്ഥികളുടെ പേരുവിരങ്ങള്‍ കോളജുകള്‍ സര്‍വകലാശാലയ്ക്ക് കൈമാറിയിരുന്നു.