മരിച്ച ദമ്ബതികളുടെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി
തിരുവനന്തപുരം : കോടതിവിധിയെ തുടര്‍ന്ന് വീട് ഒഴിപ്പിക്കാനെത്തിയപ്പോള്‍ തീകൊളുത്തി മരിച്ച ദമ്ബതികളുടെ കുട്ടികളായ രാഹുലിന്റെയും രഞ്ജിത്തിന്റെയും സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവര്‍ക്ക് വീടുവെച്ചു നല്കാന് നടപടി സ്വീകരിയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം കലക്ടര്‍ക്ക് നിര്‍ദേശം നല്കി .ലൈഫ് പദ്ധതിയിലോ മറ്റേതെങ്കിലും പദ്ധതിയിലോ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കും. വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി.
തിരുവനന്തപുരം ജില്ലയില്‍ അതിയന്നൂര്‍ പഞ്ചായത്തിലെ വെണ്‍പകല്‍ നടുത്തോട്ടം കോളനിയില്‍ രാജന്(47), അമ്ബിളി(40) ദമ്ബതികളാണ് കോടതിയിലെ ആമീനും പൊലീസും നോക്കി നില്‍ക്കെ വീടിനുള്ളില്‍ കയറി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. രാജനാണ് ആദ്യം മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെ അമ്ബിളിയും മരിച്ചു. ചൊവ്വാഴ്ച പകല്‍ 12 ന് ആയിരുന്നു സംഭവം. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച നെയ്യാറ്റിന്‍കര എസ്ഐ അനില്‍കുമാറും പരിക്കേറ്റ് ചികിത്സയിലാണ്.
തന്റെ വസ്തുവില്‍ അതിക്രമിച്ചുകയറി വീടുവച്ച് താമസിക്കുന്നു എന്ന് സ്ഥലവാസിയായ വസന്ത നല്കിയ ഹര്ജിയിന്മേലായിരുന്നു നടപടി. വസ്തുവിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കേസ് നടക്കുകയായിരുന്നു.