ജയ്പൂരില്‍ നില്‍ക്കാതെ സച്ചിന് പൈലറ്റ്; സ്ഥാപക ദിനാഘോഷത്തിന് പിന്നാലെ രാജസ്ഥാന് കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത
ജയ്പൂര്‍: രാജസ്ഥാന് കോണ്‍ഗ്രസില്‍ വീണ്ടും അസ്വാരസ്യം. കോണ്‍ഗ്രസിന്റെ സ്ഥാപകദിനത്തോട് അനുബന്ധിച്ച് ജയ്പൂരില്‍ നടന്ന പരിപാടികളില്‍ നിന്ന് രാജസ്ഥാന് മുന്‍ ഉപ മുഖ്യമന്ത്രിയും രാജസ്ഥാന് പ്രദേശ് കമ്മിറ്റി പ്രസിഡന്റുമായ സച്ചിന് പൈലറ്റ് വിട്ടുനിന്ന നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ 136-ാം സ്ഥാപക ദിന പരിപാടി തിങ്കളാഴ്ച ദല്‍ഹിയിലെ സെന്‍ട്രല്‍ ഓഫീസിലും രാജ്യത്തുടനീളമുള്ള മറ്റെല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ആഘോഷിച്ചിരുന്നു. എന്നാല്‍ സച്ചിന് പൈലറ്റ് രാജസ്ഥാനിലെ പാര്‍ട്ടി ആഘോഷം ഒഴിവാക്കി ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാന് കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ പുറത്തുവന്നത്.
മുഖ്യമന്ത്രി അശോക് ഗെലോട്ടുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് സച്ചിന് പൈലറ്റും 18 എം.എല്‍.എമാരും കോണ്‍ഗ്രസ് വിട്ടുപുറത്തുപോയത്. സച്ചിന്റെ നടപടി ഏതാണ്ട് ഒരുമാസക്കാലത്തോളം രാജസ്ഥാന് കോണ്‍ഗ്രസിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിരുന്നു.
പിന്നീട് കോണ്‍ഗ്രസ് ഉന്നത നേതൃത്വം ഇടപെട്ടാണ് സച്ചിനെയും എം.എല്‍.എമാരേയും തിരിച്ച് പാര്‍ട്ടിക്കകത്ത് എത്തിച്ചത്. അശോക് ഗെലോട്ടിന് ഈ വിഷയത്തില്‍ അതൃപ്തിയുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വം സച്ചിനൊപ്പം നില്‍ക്കുകയായിരുന്നു.
സച്ചിന് പക്ഷത്തിന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ കോണ്‍ഗ്രസ് മൂന്നംഗ സമിതിയെ നിയമിക്കുകയും, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ നീക്കം ചെയ്യുക എന്ന പൈലറ്റിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് സോണിയ ഗാന്ധി അംഗീകരിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പാര്‍ട്ടിയുടെ പുതിയ മേധാവിയായി അജയ് മാക്കനെ നിയമിക്കുകയും ചെയ്തിരുന്നു.
സച്ചിന്റെ തിരിച്ചുവരവ് കോണ്‍ഗ്രസിന് വലിയ ആശ്വാസമാണ് നല്‍കിയത്. തിരിച്ചെത്തിയ സച്ചിനും കോണ്‍ഗ്രസ് നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു. വരും ദിവസങ്ങളില്‍ നല്ല ഫലങ്ങള്‍ പുറത്തുവരുമെന്നായിരുന്നു സച്ചിന് പറഞ്ഞിരുന്നത്.