ഗാസിയാബാദിലെ തിരക്കേറിയ റോഡിൽ പട്ടാപ്പകൽ രണ്ടംഗസംഘം യുവാവിനെ അടിച്ചുകൊന്നു
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ തിരക്കേറിയ റോഡിൽ ആളുകൾ നോക്കി നിൽക്കെ ഒരാളെ തല്ലിക്കൊന്നു. വടി ഉപയോഗിച്ച് രണ്ടുപേർ ചേർന്നാണ് ഇയാളെ അടിച്ചുകൊന്നത്. നോക്കി നിന്ന ഒരാൾ പോലും ഇയാളുടെ രക്ഷക്കെത്തിയില്ല. ക്രൂരമായ കൊലപാതകം നടക്കുമ്പോൾ സമീപത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടായിരുന്നു. ദൃക്സാക്ഷികളിലൊരാൾ പകർത്തിയ ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് അജയ് എന്നയാൾ റോഡിൽ വച്ച് കൊല്ലപ്പെട്ടത്. ആളുകൾ വാഹനം നിർത്തി സംഭവം നോക്കുകയും പ്രതികരിക്കാതെ പോകുകയും ചെയ്യുന്നതിന്റെ അവിശ്വസനീയമായ വീഡിയോയാണ് പ്രചരിക്കുന്നത്. വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്.
ദിവസങ്ങൾക്ക് മുമ്പ് അജയുടെ സഹോദരൻ സഞ്ജയ് പ്രതികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് വിഷയം ഒത്തുതീർപ്പാക്കിയിരുന്നു. കച്ചവടത്തിന്റെ പേരിൽ കൊല്ലപ്പെട്ട അജയുടെ സഹോദരൻ സഞ്ജയുമായി പ്രതികളിലൊരാളായ ഗോവിന്ദിന് തർക്കം നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.