കോഴിക്കോട് തീപിടിത്തം ഉണ്ടായത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിൽ; പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ
കോഴിക്കോട്: ചെറുവണ്ണൂരിൽ തീപ്പിടുത്തമുണ്ടായ പ്ലാസ്റ്റിക് സംഭരണ യൂണിറ്റ് പ്രവർത്തിച്ചത് ലൈസൻസില്ലാതെയാണെന്ന് വിവരം. യൂണിറ്റിന് ലൈസൻസ് നൽകിയിട്ടില്ലെന്ന് കോഴിക്കോട് കോർപറേഷൻ വ്യക്തമാക്കി. നിറവ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ പ്ലാസ്റ്റിക് മാലിന്യം സംഭരിച്ചത്. വീടുകളിൽ നിന്ന് പണം ഈടാക്കി സംഭരിച്ച പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.
അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കോഴിക്കോട് ജില്ലാ കളക്ടർ ഇക്കാര്യം പരിശോധിക്കും. ഫയർഫോഴ്സിൻ്റെ സമയോചിത ഇടപെടൽ അപകടത്തിന്റെ വ്യാപ്തി കുറച്ചു. കോഴിക്കോട്ടെ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിൻ്റെ പ്രവർത്തനത്തിൽ അപാകത ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ സംബശിവ റാവുവും പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളെ യൂണിറ്റിനുള്ളിൽ താമസിപ്പിച്ചതിനെ കുറിച്ചും അന്വേഷിക്കും.
കോഴിക്കോട് ചെറുവണ്ണൂരിൽ അമാന ടൊയോട്ട ഷോറൂമിന് സമീപമാണ് വൻ തീപിടുത്തം ഉണ്ടായത്. മീഞ്ചന്ത, ബീച്ച് എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് യൂണിറ്റുകൾക്ക് പിന്നാലെ ജില്ലയിലെ 20 യൂണിറ്റുകൾ കൂടി എത്തി തീ അണക്കാൻ ശ്രമിക്കുകയാണിപ്പോൾ. പുലർച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തമുണ്ടായത് എന്നാണ് വിവരം. തൊട്ടടുത്ത് വീടുകളൊന്നുമുള്ള മേഖലയല്ല ചെറുവണ്ണൂർ എന്നത് ആശ്വാസമാണ്. വ്യാവസായിക മേഖലയാണ് ഇവിടം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
വാഹനഷോറൂമുകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടത്തുകയാണ് ഫയർഫോഴ്സ്. അമാന ടൊയോട്ട ഷോറൂമിന്റെ പിൻഭാഗത്ത് ഇപ്പോഴും തീ ആളിക്കത്തുന്നുണ്ട്. യൂണിറ്റുകളിൽ വീണ്ടും വെള്ളം നിറക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോഴിക്കോട് ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഒഴിഞ്ഞ ഫയർ എഞ്ചിനുകൾ വെള്ളം നിറക്കാൻ ആശ്രയിക്കുന്നത് ഒൻപത് കിലോമീറ്റർ അകലെയുള്ള മാനാഞ്ചിറയെയാണ്. മലപ്പുറത്ത് നിന്നടക്കമുള്ള യൂണിറ്റുകളെ വിളിച്ചുവരുത്താനും തീരുമാനിച്ചിട്ടുണ്ട്.