‘നിങ്ങളെല്ലാരും കൂടെയാണ് കൊന്നത്’; നെഞ്ചില്‍ തറയ്ക്കുന്ന ചോദ്യവുമായി നെയ്യാറ്റിന്‍കരയില്‍ മരിച്ച രാജന്റെ മകന്
തിരുവനന്തപുരം: കുടിയൊഴിപ്പിക്കല്‍ പ്രതിരോധിക്കാനുള്ള ആത്മഹത്യ ശ്രമത്തില്‍ മൃതദേഹം സംസ്കരിക്കുന്നതിനുള്ള കുഴിയെടുക്കന്ന മകന്റെ കരച്ചില് കേരള മനസാക്ഷിക്ക് മുന്നില്‍ നോവായി അവശേഷിക്കുന്നു. രാജനു പിന്നാലെ ഭാര്യ അമ്ബിളിയും മരിച്ചു. തര്‍ക്ക ഭൂമിയില്‍ കുഴിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മകനെ പൊലീസുകാര്‍ ഇന്നലെ തടയാന്‍ ശ്രമിച്ചിരുന്നു.
‘സാറേ, ഇനിയെന്റെ അമ്മയും കൂടിയേ മരിക്കാനുള്ളൂ സാറേ, നിങ്ങളെല്ലാരും കൂടെയാണ് കൊന്നത്. എന്റെ അച്ഛനെയും അമ്മയേം. ഇനി അടക്കാനും പറ്റൂല്ലെന്നോ?’ – രാജന്റെ മകന് തടയാനെത്തിയ പൊലീസുകാരോട് ചോദിച്ചതാണിത്.
കൊടിക്കുന്നില്‍ സുരേഷ് എം.പി സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഈ വീഡിയോ ഇപ്പോള്‍ നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. ‘രണ്ടും കയ്യും കൂപ്പി പറയുകയാണ്, ഉപദ്രവിക്കരുത്’ എന്ന് പ്രായമായൊരു സ്ത്രീ പൊലീസുകാരോട് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.
കോടതി ഉത്തരവ് അനുസരിച്ച് വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കും പൊലീസിനും മുന്നിലാണു രാജന് ആത്മഹത്യാശ്രമം നടത്തിയത്. പെട്രോള്‍ ശരീരത്തിലൂടെ ഒഴിച്ച രാജന് ലൈറ്റര്‍ കത്തിക്കാന്‍ ഓങ്ങിയതിനിടെ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ഗുരുതര പൊള്ളലേറ്റ രാജന് രാവിലെയും ഭാര്യ അമ്ബിളി വൈകുന്നേരത്തോടെയുമാണു മരിച്ചത്.
അതേസമയം താന്‍ തീ കൊളുത്തിയില്ലെന്നും, മരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന് ലൈറ്റര്‍ കൈ കൊണ്ട് തട്ടിമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും രാജന് ആശുപത്രിയില്‍ വച്ച് മൊഴി നല്‍കിയിരുന്നു.