ആന്റണിയെയും ലീഡറെയും പുകച്ചു ചാടിച്ചവര്‍ ഇപ്പോള്‍ പാരയുമായി മുല്ലപ്പള്ളിക്ക് പിറകെ മന്ത്രി എ കെ ബാലന്
തിരുവനന്തപുരം: പരസ്പരം പാരവച്ചും ഗൂഢാലോചന നടത്തിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവരെ ഗ്രൂപ്പ് താല്പര്യങ്ങള്ക്കായി ഏത് വഴിവിട്ട മാര്‍ഗ്ഗവും സ്വീകരിച്ച് തകര്‍ക്കുമെന്ന് കരുണാകരന്റെയും ആന്റണിയുടെയും കാര്യത്തില്‍ കേരളജനത കണ്ടതാണെന്നും അവര്‍ക്കെതിരെയുണ്ടായത് ഇപ്പോള്‍ മുല്ലപ്പള്ളിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും മന്ത്രി എ.കെ. ബാലന് പ്രസ്താവിച്ചു.വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ മുല്ലപ്പള്ളിയെ നേരിട്ടറിയാം. കോണ്‍ഗ്രസിന്റെ ഏതെങ്കിലും ചേരിയില്‍ നിന്ന് മറുചേരിക്കാരെ മുല്ലപ്പള്ളി പാര വെച്ചിട്ടില്ല. അടിയന്തരാവസ്ഥ കഴിഞ്ഞ് കരുണാകരന് കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട സമയത്ത് കോഴിക്കോട് സ്വീകരണം കൊടുക്കുന്നതിന് മുല്ലപ്പള്ളിയാണ് മുന്നില്‍ നിന്നത്. കോണ്‍ഗ്രസിന്റെ ഏതെങ്കിലും ഗ്രൂപ്പില്‍ നിന്ന് കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ മുല്ലപ്പള്ളി ശ്രമിച്ചുവെന്നാരും പറയില്ല.ജമാ അത്തെയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസിന്റെ ദേശീയ നയത്തിന് അനുകൂലമായി പറഞ്ഞതുകൊണ്ട് പഴയ അതേ ശക്തികള്‍ മുല്ലപ്പള്ളിയെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഇടപെടുകയാണ്. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ നേതൃത്വത്തോട് സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് പരമ പുച്ഛമാണ്. അതിന്റെ ഭാഗമായാണ് പട്ടാമ്പി നഗരസഭയില്‍ ആറ് കോണ്‍ഗ്രസ് വിമതര്‍ എല്‍.ഡി.എഫിനൊപ്പം വന്നതും ആദ്യമായി പട്ടാമ്പി നഗരസഭയില്‍ എല്‍.ഡി.എഫ് ഭരണം പിടിച്ചതും എന്നും മന്ത്രി പറഞ്ഞു.