കാഞ്ഞങ്ങാട് നഗരസഭ; ലീഗിൽ പൊട്ടിത്തെറി, മൂന്ന് വനിതാ കൗൺസിലർമാരോടും പാർട്ടി രാജി ആവശ്യപ്പെട്ടു
കാഞ്ഞങ്ങാട്: നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധ്യക്ഷ സ്ഥാനാർത്ഥി സുജാത ടീച്ചർക്ക് വോട്ട് മറിച്ചു നൽകിയ മുസ്ലിംലീഗ് കൗൺസിലർമാരോട് രാജി വെക്കാൻ നിർദ്ദേശം നൽകിയതായി വിവരം.
ഇന്ന് വൈകിട്ട് ചേർന്ന മുനിസിപ്പൽ മുസ്ലിംലീഗ് കമ്മറ്റിയാണ് രാജി ആവശ്യപ്പെട്ടത്.
സിഎച്ച് സുബൈദ, ഹസീനാ റസാഖ്, അസ്മ മാങ്കൂൽ എന്നീ കൗൺസിലർമാരോടാണ് കൗൺസിലർ സ്ഥാനം രാജി വെക്കാൻ ആവശ്യപ്പെട്ടത്.
രാവിലെ നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മുതിർന്ന നേതാവ് റസാഖ് തായിലക്കണ്ടിയുടെ ഭാര്യയും പടന്നക്കാട് വാർഡ് കൗൺസിലറായ ഹസീന റസാഖ്, അസ്മ മാങ്കൂൽ എന്നിവർ എൽഡിഎഫിനു അനുകൂലമായി വോട്ട് ചെയ്യുകയും, സിഎച്ച് സുബൈദ തന്റെ വോട്ട് അസാധുവാക്കുകയുമായിരുന്നു. ഇതോടെ 26 വോട്ടുകൾ നേടി എൽഡിഎഫിലെ സുജാത ടീച്ചർ മിന്നും വിജയം നേടുകയായിരുന്നു.
കൗൺസിലർമാരുടെ നടപടി അണികളിൽ വൻ പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ് അടിയന്തിര മുനിസിപ്പൽ യോഗം ചേർന്നത്. രാജി ആവശ്യപ്പെട്ടുള്ള മുനിസിപ്പൽ കമ്മറ്റിയുടെ തീരുമാനം ജില്ലാ കമ്മറ്റിയെ അറിയിച്ചു. ജില്ലാ കമ്മറ്റിയുടെ തീരുമാനം വരുന്ന മുറയ്ക്ക് മറ്റു നടപടികളിലേക്ക് കടക്കും.
നേതാക്കളുടെ ഗ്രൂപ്പ് പോരാണ് ഈ വഞ്ചനയ്ക്ക് പിന്നിലെന്നാണു അണികൾ ആരോപിക്കുന്നത്. പാർട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പുകളിലുൾപ്പെടെ വൻവിവാദത്തിനു തിരി കൊളുത്തിയിരികയാണ്.