ബ്രിട്ടീഷുകാരുടെ മടിയില്‍ ഇരുന്നവര്‍ ഇപ്പോള്‍ രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നു; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്
ന്യൂദല്‍ഹി: ഒരു മാസമായി തുടരുന്ന കര്‍ഷക സമരത്തെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പെരുമാറുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ബ്രിട്ടീഷുകാരുടെ മടിയില്‍ ഇരുന്നവര്‍ ഇപ്പോള്‍ രാജ്യത്തിന്റെ വിധി നിര്ണ്ണയിക്കുകയാണെന്നും അവര്‍ക്ക് ഒരിക്കലും കര്‍ഷകരുടെ വേദന കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ പ്രധാനമന്ത്രി ഏകപക്ഷീയമായി പ്രവര്‍ത്തിക്കരുതെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു. കര്‍ഷക സമരത്തിനിടെ 45 കര്‍ഷകര്‍ക്കാണ് ജീവന് നഷ്ടമായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി സംസാരിക്കണമെങ്കില്‍ ഇനി എത്ര കര്‍ഷകര്‍ കൂടി ജീവന് നഷ്ടപ്പെടുത്തേണ്ടതുണ്ടെന്നും സുര്‍ജേവാല ചോദിച്ചു.
ഡിസംബര്‍ 29 ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ശനിയാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.
നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.