മുഖ്യമന്ത്രിയുടെ കേരള പര്യടനം: മലപ്പുറം ജില്ലയിലെ കൂടിക്കാഴ്ചയിലും ജമാ അത്തെ ഇസ്ലാമിക്കും എസ് ഡി പി ഐക്കും ക്ഷണമില്ല
മലപ്പുറം: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ നടക്കുന്ന കൂടിക്കാഴ്ചയിലും ജമാ അത്തെ ഇസ്ലാമിക്കും എസ് ഡി പി ഐക്കും വെൽഫെയർ പാർട്ടിക്കും ക്ഷണമില്ല. ഇന്നലെ കോഴിക്കോട് നടന്ന കൂടിക്കാഴ്ചയിലും ജമാ അത്തെ ഇസ്ലാമിക്ക് ക്ഷണമുണ്ടായിരുന്നില്ല. മലപ്പുറം ജില്ലയിലെ സാംസ്കാരിക രാഷ്ട്രീയ നേതാക്കളെയെല്ലാം കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്.രാവിലെ മതനേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ക്ഷണിച്ചവരിൽ സമസ്തയുടെ നേതാക്കളൊഴികെ ബാക്കി എല്ലാവരും നേരത്തേ തന്നെ എത്തിയിരുന്നു. സമസ്തയുടെ ജനറൽ സെക്രട്ടറിയും പ്രധാനനേതാക്കളിൽ ഒരാളുമായ കെ ആലിക്കുട്ടി മുസ്ല്യാരെ ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി അദ്ദേഹം വിട്ടുനിന്നു. പകരം ഒരു പ്രതിനിധിയെയാണ് അയച്ചത്.കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. പതിനൊന്നുമണിയോടെയാണ് വികസന ചർച്ചകൾ ആരംഭിക്കുന്നത്.കോഴിക്കോട്ടെ യാേഗത്തിൽ നിന്ന് ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയതിനെ സമസ്ത സ്വാഗതം ചെയ്തിരുന്നു. സർക്കാരിന് സമസ്ത പ്രഖ്യാപിച്ച പിന്തുണ മുസ്ളിംലീഗിൽ ആശങ്ക വിതച്ചിട്ടുണ്ട്. ഇന്നലെ, യു ഡി എഫ്-വെൽഫെയർ പാർട്ടി ബന്ധത്തിലുളള എതിർപ്പ് സമസ്ത പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഒപ്പം സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണക്കുകയും ചെയ്തിരുന്നു. ജമാ അത്തെ ഇസ്ലാമിയെ കോഴിക്കോട്ടെ യോഗങ്ങളിൽ നിന്ന് മാറ്റിനിർത്തിയതിൽ ഇ കെ സുന്നി വിഭാഗം നേതാവ് ഉമർ ഫൈസി മുക്കം മാദ്ധ്യമങ്ങളോടും മുഖ്യമന്ത്രിയോട് നേരിട്ടും സന്തോഷമറിയിച്ചിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ പ്രകടനപത്രികയിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നകാര്യത്തിൽ കേരളമെമ്പാടും പര്യടനം നടത്തി അഭിപ്രായങ്ങൾ തേടുകയാണ് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായിട്ടാണ് ജില്ലകളിൽ മതനേതാക്കൾ ഉൾപ്പടെയുളളവരുമായി കൂടിക്കാഴ്ച നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ വൻ ജനപിന്തുണ വരുന്ന നിയമസഭാതിരഞ്ഞെടുപ്പിലും നേടുകയാണ് ലക്ഷ്യം