ഇലക്ഷനിൽ തോറ്റപ്പോൾ മുസ്ലിം ലീഗ് നടത്തുന്നത് അക്രമവും കൊലയും -മന്ത്രി ഇ.പി. ജയരാജൻ
കാഞ്ഞങ്ങാട് : പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തങ്ങളുടെ കോട്ടകൾ തകർത്തതോടെ ഇടതുപക്ഷത്തെ യുവാക്കളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന കാട്ടുനീതിയാണ് മുസ്ലിം ലീഗ് നടപ്പിലാക്കുന്നതെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.
കൊല്ലപ്പെട്ട കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഈ കൊലയ്ക്കുപിന്നിൽ ഗുഢാലോചനയും ആസൂത്രണവും നടത്തിയിട്ടുണ്ട്. എല്ലാ സത്യവും പുറത്തുവരും.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ ഔഫിന്റെ വീട്ടിലെത്തിയതുകൊണ്ടൊന്നും ജനങ്ങളുടെ സംശയം തീരില്ലെന്നും മന്ത്രി പറഞ്ഞു.
സി.പി.എം. ജില്ലാ കമ്മറ്റിയംഗം വി.വി. രമേശൻ, ലോക്കൽ സെക്രട്ടറിമാരായ കെ. ശബരിശൻ, കെ. ജയപാൽ, നിയുക്ത നഗരസഭാ ചെയർമാൻ കെ.വി. സുജാത, വാർഡ് കൗൺസിലർ ഫൗസിയ ഷെരീഫ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു