ന്യൂറോയിലും സ്കാനിങ്ങിലും ഗുരുതരം കണ്ടില്ല
ഔഫിനെ കൊലപ്പെടുത്തിയശേഷം ആബിദ് ആടിയത് അത്യപൂർവ നാടകം
കാഞ്ഞങ്ങാട്:ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി പി എം ഇർഷാദിന് ഗുരുതര പരിക്കെന്നും യൂണിറ്റി ആശുപത്രിയിൽ ഐസിയുവിലാണെന്നും പ്രചരിപ്പിച്ച് കൊലപാതകികളെ രക്ഷിക്കാൻ നേതൃത്വം നടത്തിയ നാടകം പൊളിഞ്ഞു. മംഗളൂരു യൂണിറ്റി ആശുപത്രിയിൽനിന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി എം പി വിനോദാണ് ഇർഷാദിനെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയപ്പോൾ അവിടെയും പരിക്കിന്റെ കാര്യവും ഗുരുതരാവസ്ഥയുമാണ് പ്രതി ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. കോടതി വിദഗ്ധ പരിശോധനയ്ക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് അയച്ചു.
തലവേദനയാണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. തുടർന്ന് ന്യൂറോ സർജൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വിശദപരിശോധന നടത്തി. കാര്യമായ ഒരു പ്രശ്നവും ഇയാൾക്കില്ലെന്ന് വ്യക്തമായി. എംആർഐ സ്കാനിങ്ങിലും ഗുരുതരാവസ്ഥ കണ്ടെത്താനായില്ല. തലയിലും പുറത്ത് രണ്ടിടത്തും നിസാര പരിക്കുണ്ട്. അത് കൃത്യം നിർവഹിച്ച ശേഷം ഓടുന്നതിനിടെ വീഴ്ചയിൽ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. ഇതേതുടർന്ന് ശനിയാഴ്ച ഉച്ചയോടെ ഇർഷാദിനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത പ്രതിയെ മംഗളൂരുവിലേക്ക് ധൃതിപിടിച്ച് കൊണ്ടുപോയതും അവിടെ ദേശീയ സമിതി അംഗമായ ലീഗ് നേതാവ് ശബ്ദ സന്ദേശം പ്രചരിപ്പിച്ചതും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നു.