കേന്ദ്രവുമായി അടുത്ത ഘട്ട ചർച്ച ഡിസംബർ 29 ന് നിർദ്ദേശിച്ച് കർഷക സംഘടനകൾ
ന്യൂഡൽഹി : കേന്ദ്ര സർക്കാരുമായുള്ള അടുത്ത ഘട്ട ചർച്ച ഡിസംബർ 29 ന് രാവിലെ 11 ന് നിർദ്ദേശിച്ച് സംയുക്ത കിസാൻ മോർച്ച. കർഷകർക്ക് സൗകര്യപ്രദമായ സമയത്ത് ചർച്ചക്ക് കേന്ദ്രം തയ്യാറാണെന്ന് പറഞ്ഞുകൊണ്ടുള്ള കാർഷിക മന്ത്രാലയത്തിന്റെ കത്തിന് സംയുക്ത കിസാൻ മോർച്ച മറുപടി നൽകുകയായിരുന്നു. കൃഷിക്കാരുടെ പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള സംഘടനകളിലൊന്നാണ് സംയുക്ത കിസാൻ മോർച്ച.
ഡിസംബർ 24 ന് അയച്ച മൂന്ന് പേജുള്ള കത്തിൽ കേന്ദ്രവുമായി അടുത്ത ഘട്ട ചർച്ചകൾക്ക് തീയതിയും സമയവും നിർദ്ദേശിക്കണമെന്ന് കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി വിവേക് അഗർവാൾ കർഷകരോട് അഭ്യർത്ഥിച്ചിരുന്നു.
അതേസമയം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കർഷകർക്ക് അയച്ച കത്തിൽ മുൻകാല ചർച്ചകളിൽ നിന്നുള്ള വസ്തുതകൾ മറച്ചുവെക്കാൻ സർക്കാർ ശ്രമിച്ചതിൽ അസ്വസ്ഥതയുണ്ടെന്ന് വിവേക് അഗർവാളിനോട് പ്രതികരിച്ച സംയുക്ത കിസാൻ മോർച്ച പറഞ്ഞു. എല്ലാ ചർച്ചകളിലും മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്നാണ് കർഷകർ ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ ഇത് വളച്ചൊടിക്കുകയും ഈ നിയമങ്ങളിൽ ഭേദഗതിയാണ് കർഷകർ നിർദ്ദേശിച്ചത് എന്ന് പറഞ്ഞതായി സംയുക്ത കിസാൻ മോർച്ച ആരോപിച്ചു.
കർഷകർക്ക് പറയാനുള്ളത് എന്താണെന്ന് കൃത്യമായി കേൾക്കാൻ സർക്കാർ ആഗ്രഹിക്കുന്നു എന്ന് കത്തിൽ പറയുന്നു. സർക്കാർ ഇത് ശരിക്കും ആഗ്രഹിക്കുന്നെങ്കിൽ, ആദ്യം കർഷകർ ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുന്നത് നിർത്തണം. കൂടാതെ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കർഷകർക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് കർഷക യൂണിയൻ പറഞ്ഞു.