മുനവറലിയുടെ വാഹനം തടഞ്ഞ് ഔഫിന്റെ ബന്ധുക്കള്‍; അണികളില്ലാതെ വീട് സന്ദര്‍ശനം,കല്ലൂരാവിയിൽ നാടകീയ രംഗങ്ങൾ
കാസര്‍കോട് : ഡിവൈഎഫ്ഐ പ്രവര്ത്തകന് അബ്ദുല്‍ റഹ്മാന് ഔഫിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുവെന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. കൊലപാതകത്തെ ലീഗ് പ്രോത്സാഹിപ്പിക്കില്ല. തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല. പ്രതികളെ സംരക്ഷിക്കില്ല. കേസില്‍ സമഗ്രമായ അന്വേഷണം വേണം. ഔഫിന്റെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, വീട് സന്ദര്‍ശിക്കാനെത്തിയ മുനവറലി ശിഹാബ് തങ്ങളെയും സംഘത്തെയും ഔഫിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തടഞ്ഞു. വീടെത്തുന്നതിനു മുന്‍പായാണു വാഹനം തടഞ്ഞിട്ടത്. മുനവറലിയുടെ ഒപ്പമുള്ള പ്രാദേശിക നേതാക്കളെയും ലീഗ് അണികളെയും വീട്ടിലേക്കു പ്രവേശിപ്പിക്കില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. തുടര്‍ന്നു കൂടെയുള്ളവരെ ഒഴിവാക്കി ഒറ്റയ്ക്കാണു മുനവറലി ഔഫിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ഔഫിന്റെ കൊലപാതകത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിനാണു വീട്ടിലെത്തിയതെന്നു മുനവറലി വ്യക്തമാക്കി.