കേരളത്തിലെ കോവിഡ് വൈറസിലും ജനിതകമാറ്റം, ആശങ്ക പങ്കുവെച്ച് മന്ത്രി ശൈലജ
കോഴിക്കോട്: കേരളത്തില്‍ നടന്ന ഗവേഷണങ്ങളിലും കോവിഡ് വൈറസിന്റെ ജനിതമാറ്റം കണ്ടത്തിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതേസമയം, ബ്രിട്ടനില്‍ ജനിതമാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതില്‍ കൂടുതല്‍ ഗവേഷണം നടക്കുകയാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ബ്രിട്ടനില്‍നിന്നെത്തിയ എട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭയപ്പെട്ട രീതിയിലുള്ള വന്‍വര്‍ധന കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
‘കോഴിക്കോട് കേന്ദ്രമായിട്ടാണ് ഗവേഷണം നടത്തിയത്. കോവിഡില്‍ മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. യു.കെയില്‍ വ്യക്തമായ ജനിതകമാറ്റം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. യു.കെയില്‍നിന്ന് വന്ന എട്ടു പേര് പോസിറ്റീവാണ്. കൂടുതല്‍ പരിശോധന നടക്കുകയാണ്.’ ശൈലജ പറഞ്ഞു
അതേസമയം, എത്രത്തോളമാണ് ഇതിന്റെ വ്യാപനശേഷി എന്നതില്‍ വ്യക്തതയില്ല. യു.കെയിലെ ജനിതകമാറ്റം സംഭവിച്ച വൈറസാണോ എന്നറിയാന്‍ ബ്രിട്ടനില്‍നിന്നെത്തി കോവിഡ് പോസിറ്റീവായ എട്ട് പേരുടെ സാമ്പിളുകള്‍ പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്.