ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മുസ്ലീം ലീഗിന്റെ ഇരട്ടപ്പക മന്ത്രി കെ.ടി ജലീല്‍
കാഞ്ഞങ്ങാട് : മുസ്ലീം ലീഗിന്റെ അക്രമരാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയാണ് കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫ് അബ്ദുള്‍ റഹിമാനെന്ന് മന്ത്രി കെ.ടി ജലീല്‍. കാസര്‍കോട് മേഖലയില്‍ മുസ്ലീം ലീഗിന്റെ അക്രമരാഷ്ട്രീയം ഏറെക്കാലമായി തുടരുകയാണ്, പല പാര്‍ട്ടികള്‍ക്കെതിരേയും ഈ അക്രമരാഷ്ട്രീയം തിരിഞ്ഞിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘അബ്ദുള്‍ റഹിമാന്‍ രാഷ്ട്രീയമായി ഡിവൈഎഫ്ഐയുടെ കൂടെ നില്ക്കുന്നു, പ്രമുഖ മതപണ്ഡിതനായ അന്തരിച്ച ആലംപാടി ഉസ്താദിന്റെ കൊച്ചുമകനാണ് ഔഫ്. മതപരമായ കാര്യങ്ങളില്‍ എ.പി അബൂബക്കര്‍ മുസ്ലിയാരെ പിന്തുണയ്ക്കുന്ന സുന്നി വിഭാഗത്തിന്റെ കൂടെ നില്ക്കുന്നു. ഈ രണ്ട് പകയും കൂടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്’, ജലീല്‍ ആരോപിച്ചു.
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുറഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ കസ്റ്റഡിയിലെടുത്ത എംഎസ്എഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹസന്, യൂത്ത് ലീഗ് പ്രവര്ത്തകന് ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാവും കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപി ഔദ്യോഗിക ഉത്തരവിറക്കി.